ഉള്ളി അരിയാൻ പറഞ്ഞതിന് തര്‍ക്കം; ഒപ്പം താമസിക്കുന്നയാളെ യുവാവ് കല്ലുകൊണ്ട് ഇടിച്ച് കൊന്നു

0
134

സൂറത്ത്: ഉള്ളി അരിയുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒപ്പംതാമസിക്കുന്നയാളെ യുവാവ് കല്ലുകൊണ്ട് ഇടിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തില്‍ തുണിമില്‍ തൊഴിലാളിയായ ജിയൂത്ത് രാജ്ഭാറിനെയാണ് ഒപ്പം താമസിക്കുന്ന രാജു ചൗഹാന്‍ കൊലപ്പെടുത്തിയത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം.

ഉത്തര്‍പ്രദേശ് സ്വദേശിയായ രാജു ചൗഹാനും രാജ്ഭാറും തുണിമില്ലിനോട് ചേര്‍ന്നുള്ള മുറിയിലാണ് താമസിച്ചിരുന്നത്. പുതുവര്‍ഷത്തലേന്ന് അത്താഴത്തിനിടെ രാജ്ഭാര്‍ പ്രതിയോട് ഉള്ളി അരിഞ്ഞുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ പ്രതി രാജ്ഭാറുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനുപിന്നാലെയാണ് കല്ല് കൊണ്ടിടിച്ച് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട രാജ്ഭാര്‍ 2023 ഓഗസ്റ്റിലാണ് സൂറത്തില്‍ ജോലിക്കെത്തിയത്. പ്രതിയായ രാജുവിനും ഇയാളുടെ സുഹൃത്തായ ശ്രാവണ്‍ റായിക്കും ഒപ്പമായിരുന്നു രാജ്ഭാറിന്റെ താമസം. സംഭവദിവസം ഉള്ളി അരിയാന്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലി രാജ്ഭാറും ചൗഹാനും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സുഹൃത്തായ ശ്രാവണും മുറിയിലുണ്ടായിരുന്നു. ഭക്ഷണശേഷം ശ്രാവണ്‍ തുണിമില്ലിലെ ജോലിക്ക് പോയി. ഇതിനുപിന്നാലെയാണ് പ്രതിയും രാജ്ഭാറും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായതെന്നും തുടര്‍ന്നാണ് പ്രതി രാജ്ഭാറിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

കൃത്യം നടത്തിയശേഷം തന്റെ സാധനങ്ങളെല്ലാം ബാഗിലാക്കി രാജുചൗഹാന്‍ മുറിയില്‍നിന്ന് മുങ്ങിയിരുന്നു. ഒരു സുഹൃത്തിന്റെ ബൈക്ക് കൈക്കലാക്കിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തി ബുസ്വാളിലേക്കുള്ള ട്രെയിന്‍ കയറി. പ്രതി ട്രെയിനില്‍ യാത്രിതിരിച്ചതായി ഇതിനിടെ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ആര്‍.പി.എഫിന് വിവരം കൈമാറുകയും മഹാരാഷ്ട്രയില്‍നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here