ബാബരി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രം പണിതതിനെ ശക്തമായി അപലപിച്ച് ഒഐസി

0
206

ജിദ്ദ:ബാബരി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രം പണിതതിനെ ശക്തമായി അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി).ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം തുറന്നതിനെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി) അപലപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഒഐസിയുടെ പ്രസ്താവന.

‘ഇന്ത്യന്‍ നഗരമായ അയോധ്യയില്‍ മുമ്പ് തകര്‍ത്ത ബാബരി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിലും അടുത്തിടെ നടന്ന ഉദ്ഘാടനത്തിലും ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു’ എന്ന് ജനുവരി 23 ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഒഐസി വ്യക്തമാക്കി. 57 മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി.

കഴിഞ്ഞ സെഷനുകളില്‍ ഒഐസി വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ പ്രകടിപ്പിച്ച നിലപാടിന് അനുസൃതമായി, അഞ്ച് നൂറ്റാണ്ടുകളായി ഒരേ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബാബരി മസ്ജിദ് പ്രതിനിധീകരിക്കുന്ന ഇസ്ലാമിക അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നടപടികളെ ജനറല്‍ സെക്രട്ടേറിയറ്റ് അപലപിക്കുന്നു- പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഒഐസി അംഗരാജ്യമായ പാകിസ്താന്‍ ജനുവരി 22 തിങ്കളാഴ്ച രാമക്ഷേത്ര പ്രതിഷ്ഠയെ അപലപിച്ചിരുന്നു. ചടങ്ങ് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സമഗ്രാധിപത്യത്തിന്റെ സൂചനയാണെന്നും കുറ്റപ്പെടുത്തുകയുണ്ടായി. പൊളിച്ച പള്ളിയുടെ സ്ഥലത്ത് നിര്‍മിച്ച ക്ഷേത്രം വരുംകാലങ്ങളില്‍ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മുഖത്ത് കളങ്കമായി നിലനില്‍ക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് എന്നിവയുള്‍പ്പെടെ, സമാനമായ അവഹേളനവും നാശവും നേരിടുന്ന മുസ്ലീം പള്ളികളുടെ പട്ടിക നീളുകയാണെന്നും കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ‘ഹിന്ദുത്വ’ പ്രത്യയശാസ്ത്രത്തിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി മതസൗഹാര്‍ദ്ദത്തിനും പ്രാദേശിക സമാധാനത്തിനും വലിയ ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ത്തു. രണ്ട് പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും മുഖ്യമന്ത്രിമാര്‍ ബാബരി മസ്ജിദ് തകര്‍ക്കല്‍ അല്ലെങ്കില്‍ രാമക്ഷേത്ര ഉദ്ഘാടനം പാകിസ്ഥാന്റെ ചില ഭാഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ആദ്യപടിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

16-ാം നൂറ്റാണ്ടിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ 2019 നവംബറില്‍ ഇന്ത്യയുടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അയോധ്യയുടെ പ്രാന്തപ്രദേശത്ത് പ്രത്യേക സ്ഥലത്ത് പുതിയ പള്ളി പണിയാന്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനോട് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here