രഞ്ജിയിൽ കേരളത്തെ സമനിലയിൽ തളച്ച യുപി ബംഗാളിന് മുന്നിൽ നാണംകെട്ടു, എറിഞ്ഞിട്ട് മുഹമ്മദ് ഷമിയുടെ സഹോദരൻ കൈഫ്

0
285

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആലപ്പുഴയില്‍ കേരളത്തെ സമനിലയിൽ തളച്ച ഉത്തര്‍പ്രദേശ് ബംഗാളിനെതിരെ 60 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ടു. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുപി ആദ്യ ദിനം 20.5 ഓവറിലാണ് 60 റണ്‍സിന് ഓള്‍ ഔട്ടായത്. അഫ്ഗഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുന്ന ഫിനിഷ‍ർ റിങ്കു സിംഗും സ്പിന്നര്‍ കുല്‍ദീപ് യാദവും ഇല്ലാതെയിറങ്ങിയ യുപി ടീമില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ആലപ്പുഴയില്‍ കേരളത്തിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ആര്യൻ ജുയൽ(11), സമര്‍ത്ഥ് സിംഗ്(13), ക്യാപ്റ്റൻ നിതീഷ് റാണ(11) എന്നിവരൊഴികെ ആരും രണ്ടക്കം കടന്നില്ല. കേരളത്തിനെതിരെ സെഞ്ചുറി നേടിയ പ്രിയം ഗാര്‍ഗ് നാലു റണ്‍സടിച്ച് പുറത്തായി. ഓപ്പണിംഗ് വിക്കറ്റില്‍ 15 റണ്‍സടിച്ചശേഷമാണ് യുപിക്ക് 45 റണ്‍സെടുക്കുന്നതിനിടെ അവസാന 10 വിക്കറ്റുകളും നഷ്ടമായത്.

ബംഗാളിനായി 5.5 ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫാണ് ബൗളിംഗില്‍ തിളങ്ങിയത്. കൈഫിന്‍റെ രണ്ടാമത്തെ മാത്രം രഞ്ജി മത്സരമാണിത്. കഴിഞ്ഞ ആഴ്ച ബംഗാളിനായി രഞ്ജി അരങ്ങേറ്റം കുറിച്ച കൈഫിനെ ഷമി അഭനിന്ദിച്ചിരുന്നു. കൈഫിന് പുറമെ ബംഗാളിനായി സൂരജ് സിന്ധു ജയ്സ്വാള്‍ മൂന്നും ഇഷാന്‍ പോറല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം യുപിയെ 60 റണ്‍സിന് പുറത്താക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ബംഗാളിനും പക്ഷെ അടിതെറ്റി.

ഇന്ത്യൻ താരം ഭുവനേശ്വര്‍ കുമാറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ വീണ ബംഗാള്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ്.37 റണ്‍സോടെ ശ്രേയാന്‍ഷ് ഘോഷും എട്ട് റണ്‍സോടെ കരണ്‍ ലാലും ക്രീസില്‍. ക്യാപ്റ്റന്‍ മനോജ് തിവാരി മൂന്ന് റണ്‍സെടുത്ത് പുറത്തായി. 13 ഓവറിൽ 25 റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ കുമാര്‍ അഞ്ടച് വിക്കറ്റെടുത്തത്തത്. വെളിച്ചക്കുറവ് മൂലം രണ്ടാം ദിനത്തിലെ കളി തുടങ്ങിയിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here