മായങ്ക് അഗർവാളിന് അസ്വസ്ഥതയുണ്ടായത് സീറ്റിൽ വെച്ചിരുന്ന പാനീയം കുടിച്ചതോടെ; ഗൂഢാലോചന ആരോപിച്ച് പൊലീസിൽ പരാതി നൽകി

0
139

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരവും കർണാടക നായകനുമായ മായങ്ക് അഗർവാൾ പൊലീസിൽ പരാതി നൽകി. തന്റെ സീറ്റിൽ വെച്ചിരുന്ന പ്രത്യേക പാനീയം കുടിച്ചതോടെയാണ് അസ്വസ്ഥതയുണ്ടായതെന്നും ഇതിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും കാണിച്ചാണ് മാനേജർ വഴി ത്രിപുര ന്യൂ കാപിറ്റൽ കോംപ്ലകസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സീറ്റിലുണ്ടായിരുന്ന പാനീയം വളരെ കുറച്ച് മാത്രമാണ് മായങ്ക് കുടിച്ചതെന്നും അപ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെട്ടെന്നും മാനേജർ നൽകിയ പരാതിയിലുണ്ടെന്ന് തെക്കൻ ത്രിപുര എസ്.പി കിരൺ കുമാർ പറഞ്ഞു. താരം അപകടനില തരണം ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച അഗർത്തലയിൽനിന്ന് ഡൽഹിയിലേക്ക് പോകാനായി സഹതാരങ്ങൾക്കൊപ്പം വിമാനത്തിൽ കയറിയിരുന്ന അഗർവാളിന് വെള്ളം കുടിച്ചയുടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കടുത്ത തൊണ്ടവേദനയും ഛർദിയും അനുഭവപ്പെട്ട താരത്തെ ഉടൻ വിമാനത്തിൽനിന്ന് പുറത്തിറക്കി അഗർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായങ്ക് നിരീക്ഷണത്തിലാണെന്നും വിവിധ ടെസ്റ്റുകൾക്ക് വിധേയനാക്കിയിട്ടിട്ടുണ്ടെന്നും ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ അറിയിച്ചു.

സൗരാഷ്ട്രക്കെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കില്ല. ടീമിലെ ബാക്കിയുള്ളവർ രാജ്കോട്ടിലേക്ക് പോകും. 33കാരനായ അഗർവാൾ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ത്രിപുരക്കെതിരെ കർണാടക 21 റൺസിന്‍റെ ജയം നേടിയിരുന്നു. രണ്ട് ഇന്നിങ്സുകളിൽ യഥാക്രമം 51, 17 റൺസാണ് താരം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here