ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി; ഭാവിയില്‍ ഇത്തരം ഹരജിയുമായി വരരുതെന്നും കോടതി

0
264

ന്യൂദല്‍ഹി: മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വെ നടത്തണമെന്നും പള്ളിപൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതിയും തള്ളി. നേരത്തെ അലഹബാദ് ഹൈക്കോടതിയും ഈ ഹരജി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഭാവിയില്‍ ഇത്തരം ഹരജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് ചെയ്തു.

മസ്ജിദ് നില്‍ക്കുന്ന സ്ഥലം കൃഷ്ണന്റെ ജന്മസ്ഥലമായി അംഗീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹരജിയിലുണ്ടായിരുന്നത്. ഹരജിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും കോടതി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

അഡ്വക്കേറ്റ് മഹത് മഹേശ്വരി ആണ് അലഹബാദ് ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്ന ഹർജിയുമായി സുപ്രീംകോടതിയിൽ എത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിൽ മഹത് മഹേശ്വരി സമർപ്പിച്ച പൊതു താൽപര്യ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

മസ്ജിദ് നിൽക്കുന്ന സ്ഥലം കൃഷ്ണജന്മഭൂമി ആണെന്നും അതു ഉടനെ തന്നെ ഹിന്ദു മത വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നും ആയിരുന്നു ഹരജി. മസ്ജിദ് നിൽക്കുന്ന സ്ഥലം മുസ്‌ലിം മതത്തിന് മുമ്പുള്ളതാണെന്ന് പറഞ്ഞ മഹേശ്വരി മുൻകാലങ്ങളിലെ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട നടത്തിയ ഒത്തുതീർപ്പുകളുടെ നിയമ സാധുതയെ ചോദ്യം ചെയ്യുകയും ചെയ്തു.

ഹൈക്കോടതി ഹരജി തള്ളിയത് വസ്തുതകൾ പരിഗണിക്കാതെ ആണെന്ന് പറഞ്ഞ മഹേശ്വരി ഹൈക്കോടതി അത് പരിഗണിക്കുന്നതിൽ പരാജയപ്പെട്ടു എന്നും സുപ്രീംകോടതിയിൽ പറഞ്ഞു.

ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 പ്രകാരം ഹിന്ദുക്കളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പൊതു താൽപര്യ ഹർജിയുമായാണ് താൻ വന്നിരിക്കുന്നതെന്നും വാദിച്ച മഹേശ്വരി 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുതയും ചോദ്യംചെയ്തു.

അതിനൊപ്പം തന്നെ ജി.പി.ആർ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആർക്കിയോളജിക്കൽ സർവെ മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് നടത്തണമെന്നും, ഹിന്ദു മത വിശ്വാസികൾക്ക് ആഴ്ചയിലൊരു ദിവസം പ്രാർത്ഥന നടത്താനുള്ള അനുവാദം നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ ഈ വാദങ്ങൾ എല്ലാം ഹരജി പരിഗണിച്ച ജസ്റ്റിസ്മാരായ സഞ്ജീവ് ഗന്ന ദീപങ്കാർ ദത്ത എന്നിവർ തള്ളി.

കഴിഞ്ഞ സെപ്റ്റംബറിൽ മസ്ജിദിൽ ശാസ്ത്രീയ സർവെ നടത്തണമെന്ന ശ്രീകൃഷ്ണജന്മഭൂമി മുക്തി നിർമ്മാണ ട്രസ്റ്റിൻ്റെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു, നിലവിൽ വാദം നടക്കുന്ന അലഹബാദ് ഹൈക്കോടതി തീരുമാനം എടുക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.

ഡിസംബർ 14ന് അലഹബാദ് ഹൈക്കോടതി കോടതിയുടെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയെവെച്ച് മസ്ജിദിൽ സർവ്വേ നടത്താൻ ഉത്തരവിട്ടിരുന്നു. ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here