മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രന്‍ അടക്കം പ്രതികളുടെ വിടുതല്‍ ഹരജി ഫെബ്രുവരി എട്ടിലേക്ക് മാറ്റി

0
126

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ നല്‍കിയ വിടുതല്‍ ഹരജിയില്‍ ഫെബ്രുവരി എട്ടിന്​ വാദം കേൾക്കും. കേസിലെ പ്രതികളായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, കെ. സുരേഷ് നായക്, മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി കേസ് മാറ്റിവെക്കുകയാണുണ്ടായത്.

ഈ കേസ് നേരത്തേ മൂന്നുതവണ കോടതി പരിഗണിച്ചപ്പോഴും പ്രതികള്‍ ഹാജരായിരുന്നില്ല. പകരം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ജില്ല കോടതിയില്‍ വിടുതല്‍ ഹരജി നല്‍കുകയായിരുന്നു. വിടുതല്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ പ്രതികള്‍ ഹാജരാകേണ്ടതില്ലെന്നും പ്രതിഭാഗം നിലപാടെടുത്തിരുന്നു. ഒക്ടോബര്‍ 10ന് വിടുതല്‍ ഹരജി കോടതി പരിഗണിച്ചപ്പോള്‍ പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ഇതിനുശേഷം മാത്രമേ വിടുതല്‍ ഹരജിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ഒക്ടോബര്‍ 25ന് പ്രതികള്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശം നല്‍കുകയാണുണ്ടായത്. കോടതി ഉത്തരവനുസരിച്ചാണ് സുരേന്ദ്രനും കൂട്ടുപ്രതികളും കോടതിയില്‍ ഹാജരായിരുന്നത്. വിടുതല്‍ ഹരജിയില്‍ വാദം നടക്കാനിരിക്കെ പ്രതിഭാഗത്തിന്റെ ഹരജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചെന്നാണ് പരാതി. കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നും സുരേന്ദ്രനെതിരെയുള്ള പരാതിയിലുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം ജില്ല കൗൺസിൽ അംഗം വി.വി. രമേശന്‍ നൽകിയ ഹരജിയിലാണ് കേസ്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമവിരുദ്ധ വകുപ്പടക്കം ചുമത്തിയാണ് ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here