രാജ്‌കോട്ട്: വിമാനയാത്രയ്ക്കിടെ അണ്ടര്‍ 23 ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. ചണ്ഡീഗഢില്‍ നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കെത്തിയ താരങ്ങളുടെ ബാഗില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. സികെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെ തോല്‍പിച്ച ശേഷം 2024 ജനുവരി 25നുള്ള സൗരാഷ്ട്ര താരങ്ങളുടെ മടക്ക യാത്രയാണ് വിവാദത്തിലായിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങൾ യാത്ര ചെയ്യേണ്ട വിമാനത്തിലെ കാര്‍ഗോ ഏരിയയില്‍ വച്ച് ഗണ്യമായ അളവിലുള്ള മദ്യം കണ്ടെത്തി എന്നാണ് സ്പോര്‍ട് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യക്കുപ്പികള്‍ ചണ്ഡീഗഢ് വിമാനത്താവള അധികൃതര്‍ പിടികൂടി. ഇതിന് പിന്നാലെയാണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആരോപിക്കപ്പെട്ട സംഭവം ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണ്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെ അച്ചടക്ക സമിതിയും അപെക്സ് കൗണ്‍സിലും ഇക്കാര്യം വിശദമായി അന്വേഷിക്കും. താരങ്ങള്‍ കുറ്റക്കാരെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും’ എന്നും സൗരാഷ്ട്ര അസോസിയേഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
സികെ നായുഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആതിഥേയരായ ചണ്ഡീഗഢിനെ സൗരാഷ്ട്ര 9 വിക്കറ്റിന് തോല്‍പിച്ചിരുന്നു. സ്കോര്‍: ചണ്ഡീഗഢ്- 117, 233. സൗരാഷ്ട്ര- 285, 70/1.