ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 16 -ന്? ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ സര്‍ക്കുലര്‍, വ്യക്തത വരുത്തി പോസ്റ്റ്

0
197

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതായുള്ള അഭ്യൂഹത്തിനിടെ വിശദീകരണവുമായി ദില്ലി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് 11 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച ഒരു സർക്കുലറാണ് ചര്‍ച്ചയായത്. ദില്ലി തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറിൽ 2024 ഏപ്രിൽ 16 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള താൽക്കാലിക തീയതിയായി നിശ്ചയിച്ചതായാണ് പറയുന്നത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് പ്ലാനറിൽ റഫറൻസായാണ് 2024 ഏപ്രിൽ 16പോളിങ് ദിവസമായി തീരുമാനിച്ചിരിക്കുന്നതെന്നും സര്‍ക്കുലറിൽ ഉണ്ടായിരുന്നു.

സംഭവം വൻ വാര്‍ത്തയായതോടെ വിശദീകരണത്തിൽ ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തി. എക്സിൽ പങ്കുവച്ച വിശദീകരണ കുറിപ്പിൽ തെരഞ്ഞടുപ്പ് തീയതി, ആസൂത്രണങ്ങൾക്കായി ഉദ്യോഗസ്ഥരെ സഹായിക്കാനുള്ള റഫറൻസ് മാത്രമാണ് തിയതിയെന്നാണ് വ്യക്തമാക്കുന്നത്. താൽക്കാലികമായ തീരുമാനിച്ച തെരഞ്ഞെടുപ്പ് ദിവസമാണോ എന്ന് മാധ്യമങ്ങളിൽ നിന്ന് അന്വേഷണം വന്നുകൊണ്ടിരിക്കുന്നു. ദില്ലി സിഇഒ സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതികൾക്കനുസൃതമായി നേരത്തെ തയ്യാറെടുപ്പുകൾ നടത്താനുള്ള റഫറൻസ് തീയതി എന്ന നിലക്കാണ് അയച്ചതെന്നുമാണ് എക്സ് കുറിപ്പ്.

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയകളിലൊന്ന് ആസൂത്രണം ചെയ്യുമ്പോൾ താൽക്കാലിക തീയതി നിശ്ചയിക്കുന്ന പ്രക്രിയ സാധാരണമാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. യഥാർത്ഥ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഏപ്രിലിൽ എപ്പോഴെങ്കിലും തുടങ്ങി, ഘട്ടം ഘട്ടമായി മെയ് വരെ തെരഞ്ഞെടുപ്പ് നീളാനും സാധ്യതയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. 2019ൽ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു നടന്നത്.ഏപ്രിൽ 11 -ന് ആരംഭിച്ച് മെയ് 19 -നായിരുന്നു തെരഞ്ഞെടുപ്പ് അവസാനിച്ചു. ഫലങ്ങൾ മെയ് 23 -നും പ്രഖ്യാപിക്കുകയായിരുന്നു.

ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ശക്തിപ്രകടനം തുടരുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമോ എന്നതാണ് പ്രധാന ചോദ്യം. കോൺഗ്രസിന്റെ നേതൃത്വത്തിൽ യുപിഎക്ക് തിരിച്ചുവരവിന് സാധ്യത തെളിയുമോയെന്നതും ആണ് മറ്റൊരു ചോദ്യം. അതേസമയം മൂന്നാം മുന്നണിയും ഇന്ത്യ സഖ്യവുമെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ സ്വാധീനിക്കുമെന്നതും നിര്‍ണായകമാവും. എന്തായാലും അയോധ്യയടക്കമുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രസക്തി ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here