ഇന്ത്യയെയും ഓസീസിനെയും വീഴ്ത്തിയ 7 വിക്കറ്റുകള്‍;ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഹാര്‍ട്‌ലിയും ഷമറും

0
135

ദുബായ്: വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷമര്‍ ജോസഫിനും ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയ്ക്കും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. ഗാബയില്‍ ഓസീസിനെ ഏഴ് വിക്കറ്റുകള്‍ക്ക് എറിഞ്ഞിട്ട് വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചതാണ് ഷമര്‍ ജോസഫിനെ റാങ്കിങ്ങില്‍ തുണച്ചത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് പടയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഹാര്‍ട്‌ലിയെയും റാങ്കിങ്ങില്‍ ഉയര്‍ത്തി.

ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിലാണ് താരങ്ങളുടെ മുന്നേറ്റം. ഓസ്‌ട്രേലിയക്കെതിരായ മിന്നും പ്രകടനത്തിന് ശേഷം 42 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഷമര്‍ 50-ാം സ്ഥാനത്തേക്കാണ് കുതിച്ചുയര്‍ന്നത്. ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ ‘ഹീറോ’യായ ഹാര്‍ട്‌ലി 332 റേറ്റിങ് പോയിന്റോടെ 63-ാം സ്ഥാനത്തും എത്തി.

ടെസ്റ്റ് ബാറ്റര്‍മാരിലെ ആദ്യ പത്തില്‍ സ്ഥാനമുള്ള ഒരേയൊരു ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ നിലവില്‍ ആറാം സ്ഥാനത്താണ്. അതേസമയം കെ എല്‍ രാഹുല്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 51ല്‍ എത്തി. യശസ്വി ജയ്‌സ്‌വാളും മൂന്ന് സ്ഥാനങ്ങള്‍ കയറി 66ലെത്തി.

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജസ്പ്രീത് ബുംറ നാലാമതും രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തുമാണുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here