കരിപ്പൂരിൽനിന്നുള്ള ഹജ്ജ് യാത്രാ ടിക്കറ്റ് നിരക്കിൽ ഇളവ്; 40,000 രൂപ കുറയ്ക്കുമെന്ന് കേന്ദ്രം

0
117

ന്യൂഡല്‍ഹി: കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നല്‍കുമെന്ന് ഉറപ്പുനല്‍കി കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോടുള്ള വിവേചനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കരിപ്പൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്ക്കാമെന്ന് മന്ത്രി അറിയിച്ചതായും എം.പിമാര്‍ വ്യക്തമാക്കി.

കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത വിവേചനമാണ് ഉണ്ടായതെന്നും എം.പിമാര്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ വിമാന ടിക്കറ്റ് നിരക്കിലുണ്ടായ ഭീമമായ അന്തരവും എം.പിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍നിന്ന് ഈടാക്കുന്നതിനേക്കാള്‍ 80,000 രൂപയുടെ വര്‍ധനവാണ് കരിപ്പൂരില്‍നിന്നുള്ള യാത്രക്കാരുടെ മേല്‍ ചുമത്തുന്നത്. ഇത് വിമാന കമ്പനിയായ എയര്‍ ഇന്ത്യ യഥേഷ്ടം നിശ്ചയിച്ച സംഖ്യയാണെന്നും ഈ തീരുമാനം റദ്ദാക്കി റീടെന്‍ഡറിങ് നടത്തിയോ ഇതര വിമാനക്കമ്പനികളെ ഏര്‍പ്പെടുത്തിയോ ടിക്കറ്റ് ചാര്‍ജ് നിര്‍ണയിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here