അടിവസ്ത്രത്തിലടക്കം കടത്തുന്നത് പിടിവീഴുന്നതോടെ ഒരു കിലോ സ്വർണം കടത്താൻ ഫിറോസ് കണ്ടത് വേറൊരു വഴി; എന്നിട്ടും അറസ്റ്റിൽ

0
187

കരിപ്പൂർ : സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയ ഒരു കിലോ സ്വർണം കാലിക്കറ്റ് എയർപോർട്ടിന് പുറത്തു വച്ച് പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്ന് ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ഇൻഡിഗോ ഫ്‌ളൈറ്റിൽ കാലിക്കറ്റ് എയർപോർട്ടിലെത്തിയ കരുവാരകുണ്ട് സ്വദേശി ഫിറോസിൽ (47) നിന്നാണ് പൊലീസ് ഒരു കിലോ സ്വർണം പിടികൂടിയത്.

ജ്യൂസർ മെഷീനിന്റെ മോട്ടോറിനകത്ത് ആർമേച്ചറിൽ രഹസ്യ അറയുണ്ടാക്കി സ്വർണം ഉരുക്കിയൊഴിച്ച് ഇരുമ്പിന്റെ ഷീറ്റ് വച്ചടച്ച് വെൽഡ് ചെയ്ത രൂപത്തിലാണ് സ്വർണം കടത്തിക്കൊണ്ടു വന്നത്. 999.6 ഗ്രാം തുക്കമുണ്ട്. വിപണിവില പ്രകാരം 63.87 ലക്ഷം രൂപ വില മതിക്കും. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പാർക്കിംഗ് ഏരിയയിൽ വച്ച് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരപ്രകാരം എയർപോർട്ടിന് പുറത്ത് ഇയാളെ കാത്തുനിന്ന കരൂവാങ്കല്ല് സ്വദേശി ഷംസുദ്ദീൻ (49), വാണിയമ്പലം സ്വദേശി നൗഫൽ ബാബു (37) എന്നിവരെയും പിടികൂടി. വണ്ടൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന് പിന്നിൽ. പിടിച്ചെടുത്ത സ്വർണം കോടതിയിലും തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസ് പ്രിവന്റീവിനും സമർപ്പിക്കും. ഈ വർഷം പൊലീസ് കണ്ടെത്തിയ ആദ്യ സ്വർണക്കടത്ത് കേസാണിത്. 2022ൽ 90 കേസുകളും 2023 ൽ 40 കേസുകളും പോലീസ് പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here