മയോണൈസ് ബോട്ടിലിൽ സ്വർണക്കടത്ത്; 50 ലക്ഷത്തിന്റെ സ്വർണം പിടികൂടി

0
150

മുംബൈ: മയോണൈസ് ബോട്ടലിൽ കടത്തിയ സ്വർണം മുംബൈ വിമാനത്താവളത്തിൽ പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് സ്വർണം പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കുവൈത്തിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് കണ്ടെത്തിയത്.

മയോണൈസ് ബോട്ടിലുകളിൽ വിദഗ്ധമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 898 ഗ്രാം സ്വർണം ഇത്തരത്തിൽ കണ്ടെത്തി. ആറ് മയോണൈസ് കുപ്പികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന​തെന്ന് കസ്റ്റംസ് അറിയിച്ചു. ആരാണ് ഇയാൾക്ക് സ്വർണം നൽകിയതെന്നും ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നും ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടങ്ങിയെന്ന് കസ്റ്റംസ് അറിയിച്ചു.

നേരത്തെ ജനുവരി 20ന് നാല് പേരിൽ നിന്നായി 1.74 കോടി രൂപ വില വരുന്ന സ്വർണം പിടിച്ചെടുത്തിരുന്നു. ജിദ്ദയിൽ നിന്നും എത്തിയ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇവരെല്ലാം ഒരേ വിമാനത്തിൽ എത്തിയവരായിരുന്നു. ദുബൈയിൽ നിന്നും എത്തിയ മറ്റൊരാളിൽ നിന്നും സ്വർണം പിടിച്ചെടുത്തിരുന്നു.

ജനുവരി 16ന് ജിദ്ദയിൽ നിന്നും എത്തിയ രണ്ട് പേരിൽ നിന്നും 2.59 കോടിയുടെ സ്വർണം പിടിച്ചെടുത്തിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here