കേരളത്തില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് നാലുവര്‍ഷം

0
121

തൃശ്ശൂർ: ചൈനയിൽ അപൂർവമായൊരു മഹാമാരി സംഹാരതാണ്ഡവമാടുന്നതായി കൂളിമുട്ടം പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഷീബാ ബെന്നി ആദ്യം കേൾക്കുന്നത് അവിടെ മെഡിക്കൽ വിദ്യാർഥിനിയായ മകൾ ബൈമ പറഞ്ഞാണ്. ഏറെ വൈകാതെ വിദേശത്തുനിന്നെത്തുന്നവരെ കർശനനിരീക്ഷണത്തിന് വിധേയരാക്കണമെന്ന ഉത്തരവ് സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചതോടെ ഷീബ ജാഗ്രതയോടെ ജോലിതുടങ്ങി.

വുഹാനിൽനിന്ന് മതിലകത്തെ വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥിനിയുടെ പേരുവിവരങ്ങളും സഞ്ചാരവഴികളുമെല്ലാം ശേഖരിക്കുമ്പോഴും രാജ്യം ഞെട്ടുന്നൊരു ബ്രേക്കിങ് ന്യൂസ് കാത്തിരിക്കുന്നതായി തോന്നിയിരുന്നില്ല. നേരിയ പനിപോലും പെൺകുട്ടിക്കുണ്ടായിരുന്നില്ല എന്നതായിരുന്നു ആത്മവിശ്വാസം പകർന്നത്. എന്നും രാവിലെയും വൈകീട്ടും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചുപോരുന്നതിനിടെയാണ് ചെറിയൊരു തൊണ്ടവേദനയുണ്ടെന്ന് ഒരു ദിവസം പെൺകുട്ടി പറയുന്നത്. ‘ദൈവമേ’യെന്ന നീണ്ടവിളി വിഴുങ്ങി സാരമില്ലെന്ന് അവളെ ആശ്വസിപ്പിക്കുമ്പോൾ തന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നുവെന്ന് ഷീബ പറയുന്നു.

സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെയാകെ നടുക്കിയ ആ സന്ദേശം ജില്ലാ ആരോഗ്യവിഭാഗത്തിനു കൈമാറുന്ന സമയം അതൊരു സാദാ തൊണ്ടവേദന മാത്രമാകണമേയെന്ന പ്രാർഥനയിലായിരുന്നു ഷീബ. 2020 ജനുവരി 30-ന് തൃശ്ശൂരിലെ മെഡിക്കൽ വിദ്യാർഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത വലിയ തലക്കെട്ടിൽ മാധ്യമങ്ങളിൽ മിന്നിമറയവേ പെൺകുട്ടിയുടെ ഫോൺ ഷീബയെത്തേടിയെത്തി. താനാണോ ആ മെഡിക്കൽ വിദ്യാർഥി എന്നായിരുന്നു അവൾക്കറിയേണ്ടിയിരുന്നത്. ആണെങ്കിൽ തന്റെ വീട്ടുകാരോട് അത് പറയരുതെന്നായിരുന്നു അവളുടെ അപേക്ഷ. ഒരു മാസത്തിലേറെ ആശുപത്രിയിലും വീട്ടിലുമായി ക്വാറന്റൈനിൽ കഴിഞ്ഞ പെൺകുട്ടിക്ക് സ്നേഹവും കരുതലും നൽകി ധൈര്യംപകരുന്പോൾ ഷീബയുടെ മനസ്സിലുണ്ടായിരുന്നത് ഡോക്ടർസ്വപ്നവുമായി ചൈനയിലുള്ള സ്വന്തം മകൾ തന്നെയായിരുന്നു.

മഹാമാരിയുടെ നടുങ്ങുന്ന ഓർമകൾ പിന്നിലുപേക്ഷിച്ച് ലോകം മുൻപോട്ടു നടക്കുമ്പോൾ ആ പെൺകുട്ടിയും ഷീബയുടെ മകൾ ബൈമയും ചൈനയിൽ ഹൗസ് സർജൻസി തിരക്കിലാണ്. പുത്തൻചിറയിലെ എച്ച്.ഐ. ആയി ജനകീയാരോഗ്യത്തിരക്കുകളിലാണ് ഷീബയിപ്പോൾ. കണ്ണൂർ തളാപ്പ് സ്വദേശിയാണ് ഇവർ. താഴത്തിങ്കിരി കുഞ്ഞിക്കണ്ണന്റെയും ലളിതയുടെയും മകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here