ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

0
203

ലക്‌നൗ: മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണമായ സംഭവമുണ്ടായത്. കാമിനി എന്ന കുട്ടിയാണ് മരിച്ചത്.

അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂൺ കാണുകയായിരുന്നു കുട്ടി. പെട്ടെന്ന് ഫോൺ കയ്യിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇൻ ചാർജ് ധ്രുവേന്ദ്ര കുമാർ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുനൽകാൻ കുടുംബത്തോട് അഭ്യർത്ഥിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ഹൃദയാഘാതം തന്നെയാണോ മറ്റെന്തെങ്കിലും രോഗമാണോ മരണകാരണമെന്ന് അറിയാൻ അന്വേഷണം ആവശ്യമാണെന്നും അംറോഹ ചീഫ് മെഡിക്കൽ ഓഫീസർ സത്യപാൽ സിംഗ് പറഞ്ഞു. പ്രദേശത്ത് നിരവധി യുവതീ – യുവാക്കളും ഇത്തരത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2023 ഡിസംബർ 31ന് അംറോഹയിലെ ഹസൻപൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 16കാരനായ പ്രിൻസ് കുമാർ ബോധരഹിതനയി വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബിജ്‌നോർ സ്വദേശിനിയായ 12കാരി ഷിപ്ര 2023 ഡിസംബർ ഒമ്പതിന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

‘തണുത്ത കാലാവസ്ഥ കാരണം ഹൃദയാഘാതം സാധാരണമാണ്. ഓക്സിജന്റെ അളവും രക്തസമ്മർദവും കുറയുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു’- സീനിയർ ഫിസിഷ്യൻ രാഹുൽ ബിഷ്‌നോയ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here