റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ജനുവരി 26 വരെ സാവകാശം അനുവദിച്ചതായി ചൊവ്വാഴ്ച മുംബൈയിലെ സൗദി കോൺസുലേറ്റ് ഇന്ത്യൻ ട്രാവൽ ഏജൻസികളെ നേരിട്ട് അറിയിച്ചു.
സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിനുള്ള പാസ്പോർട്ടുകൾ ജനുവരി 15 മുതൽ കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കില്ലെന്നും പകരം പുറംകരാർ ഏജൻസിയായ വി.എഫ്.എസ് വഴി വിരലടയാളം നൽകി സമർപ്പിക്കണമെന്നുമാണ് സർക്കുലർ മുഖാന്തിരം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സാവകാശം ലഭിച്ചതോടെ പാസ്പോർട്ട് കോൺസുലേറ്റുകൾ നേരിട്ട് സ്വീകരിക്കുന്നത് 10 ദിവസം കൂടി തുടരും.
വി.എഫ്.എസിലെത്തി വിരലടയാളം നൽകണമെന്ന നിബന്ധന വന്നതോടെ വിസ ലഭിച്ച തൊഴിലാളികളും അടിയന്തിര പ്രോജക്ടുകളിലേക്ക് തൊഴിലാളികളെ കാത്തുനിൽക്കുന്ന കമ്പനികളും പ്രതിസന്ധിയിലായിരുന്നു. സമയം അനുവദിച്ച് പുതിയ നിർദേശം വന്നതോടെ താത്കാലിക പരിഹാരം ലഭിച്ചതിൻറെ ആശ്വാസത്തിലാണ് ട്രാവൽ ഏജൻസികളും തൊഴിലാളികളും തൊഴിലുടമകളും. ഉത്തരേന്ത്യയിൽ അടക്കം വി.എഫ്.എസിന് പരിമിതമായ സേവന കേന്ദ്രങ്ങളാണ് ഉള്ളതെന്ന വസ്തുത മനസ്സിലാക്കി കൂടുതൽ ശാഖകൾ തുറക്കും വരെ ഇളവ് അനുവദിക്കണമെന്നാണ് ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നത്. പുതിയ നിയമം പ്രാബല്യത്തിലായാൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം.