ആരുമില്ലെന്ന് പറഞ്ഞു, മകളെ വിവാഹം ചെയ്ത് കൊടുത്തപ്പോൾ സവാദെന്ന് അറിഞ്ഞില്ലെന്നും പിതാവ്, സഹായികളെ തേടി എൻഐഎ

0
212

കാസര്‍കോട്: കൈവെട്ട് കേസ് ഒന്നാം പ്രതി സവാദിന് സംരക്ഷണം നൽകിയവരെ തേടുകയാണ് ഇപ്പോൾ എൻഐഎ. പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവു ജീവിതമെന്നാണ് എൻഐഎ കണ്ടെത്തൽ. പതിമൂന്ന് വർഷം ഒളിവിലിരിക്കാൻ സവാദിനെ സഹായിച്ചതാരാണ്? കാണാമറയത്ത് കഴിഞ്ഞതെവിടെയാണ്? തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്.

2016ലാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷാജഹാനെന്ന കളളപ്പേരിലായിരുന്നു കല്യാണമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് മഞ്ചേശ്വരം സ്വദേശിയാണ് വധു. ഉളളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്ന് ഭാര്യാപിതാവ് പറയുന്നു. ഷാജഹാൻ എന്നായിരുന്നു പേര്.

വിവാഹം കഴിഞ്ഞ് കണ്ണൂരിലെത്തി, വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു. വിവരങ്ങൾ മറച്ചുവച്ചു. വാടകവീടെടുക്കാൻ നൽകിയത് ഭാര്യയുടെ രേഖകളും വിലാസവും. ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി. ഷാജഹാൻ തന്നയാണോ സവാദെന്ന് എൻഐഎ ഉറപ്പിക്കുന്നത് ഇളയ കുഞ്ഞിന്‍റെ ജനന രേഖയിൽ നിന്നാണെന്നാണ് വിവരം.

മരപ്പണി പഠിച്ചെടുത്തത് കണ്ണൂരിൽ നിന്നാണ്. വാടകവീടെടുക്കാനും മരപ്പണിക്കും സഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ബന്ധമുളളവരെന്ന് എൻഐഎക്ക് വ്യക്തമായിട്ടുണ്ട്. എട്ട് വർഷത്തിലധികമായി കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് പിടികൊടുക്കാതെ സവാദ് ഉണ്ടായിരുന്നുവെന്നാണ് തെളിയുന്നത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇയാളുടെ തിരിച്ചറിയൽ രേഖകളും എൻഐഎ പരിശോധിക്കുന്നുണ്ട്.

സവാദിനെ കഴിഞ്ഞ ദിവസം രാവിലെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് മരപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാലം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here