രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഇതുവരെ ക്ഷണം ലഭിച്ചത് രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രിക്ക് മാത്രം

0
204

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴികെ മ​റ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് സൂചന. രാജ്യത്തെ പ്രമുഖർ പങ്കെടുക്കുന്ന അയോദ്ധ്യയിലെ ചരിത്ര പ്രാധാന്യമുളള ചടങ്ങിലേക്ക് യോഗി ആദിത്യനാഥ് ഒഴികെയുളള മ​റ്റ് മുഖ്യമന്ത്രിമാർക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ മന്ത്രിമാരെന്ന നിലയിൽ ഇതുവരെയായിട്ടും ആരെയും ക്ഷണിച്ചിട്ടില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്. രാജ്യത്തിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച ദളിത് നേതാക്കളായ ബിആർ അംബേദ്ക്കർ, ജഗ്ജീവൻ റാം, കാൻഷി റാം എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണമുണ്ട്. കൂടാതെ രാമജന്മ ഭൂമി സമരത്തിനിടെ മരിച്ച കർസേവകരുടെ കുടുംബാംഗങ്ങളും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കും.

അയോദ്ധ്യയിൽ ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സിനിമാരംഗത്തെ നിരവധി അഭിനേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. സുപ്രീകോടതിയിൽ നിന്നും വിരമിച്ച ജഡ്ജിമാർ, കരസേന, നാവികസേന, വ്യോമസേന തുടങ്ങിയവയിൽ നിന്നും വിരമിച്ച പ്രധാന ഉദ്യോഗസ്ഥർ, പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവർക്കും ക്ഷണമുണ്ട്. അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തേക്ക് വ്രതം അനുഷ്ഠിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽമീഡിയയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട് . എക്സിലൂടെയാണ് നരേന്ദ്രമോദി വിവരം പങ്കുവച്ചത്.

പ്രതിഷ്ഠാചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന വിവരവും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പ്രമുഖ നേതാക്കളായ സോണിയ ഗാന്ധി,മല്ലികാർജുൻ ഖർഗെ, അദിർ രഞ്ചൻ ചൗധരി എന്നിവർ ക്ഷണം നിരസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here