സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്; തിരിച്ചറിയാം ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ഏഴ് ലക്ഷണങ്ങൾ…

0
444

ഹൃദയാഘാതം അഥവ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് എല്ലാവർക്കും പേടിയുള്ള കാര്യമാണ്. ചിലർക്ക് ലക്ഷണങ്ങളോടെയും മറ്റ് ചിലർക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെയുമൊക്കെ ഹൃദയാഘാതം ഉണ്ടാകാറുണ്ട്. അതില്‍ തന്നെ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോട് കൂടി ഉണ്ടാകുന്ന ഹൃദയാഘാതമാണ് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്. അതുകൊണ്ട് തന്നെ അവയെ നാം ഏറെ പേടിക്കണം. പലപ്പോഴും സൈലന്‍റ് ഹൃദയാഘാതത്തെ നമ്മുക്ക് തിരിച്ചറിയാന്‍ കഴിയാറില്ല.

നിശബ്ദ ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

നെഞ്ചിൽ അസ്വസ്ഥതയും ചെറിയ ഭാരവും ഉണ്ടാകുന്നത് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
സാധാരണ ഹൃദയാഘാതമാണെങ്കില്‍ നല്ല നെഞ്ചുവേദനയുണ്ടാകും. സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക് മൂലം നെഞ്ചിൽ നേരിയ അസ്വസ്ഥതയോ സമ്മർദ്ദമോ മാത്രമേ അനുഭവപ്പെടാറുള്ളൂ.

രണ്ട്…

ശ്വാസം മുട്ടൽ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കാരണവുമില്ലാതെ അനുഭവപ്പെടുന്ന ശ്വാസം മുട്ടലും ഒരു സൂചനയാകാം.

മൂന്ന്…

ഓക്കാനം, ചര്‍ദ്ദി, ദഹനക്കേട്, വയറുവേദന തുടങ്ങിയവയും ചിലരില്‍ സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാകാം.

നാല്…

കൃത്യമായ കാരണങ്ങളില്ലാതെ വിയർക്കുന്നത്, പ്രത്യേകിച്ച് രാത്രി ഉറക്കത്തിൽ വിയർത്ത് എഴുന്നേൽക്കുന്നത് നിശബ്ദ ഹൃദയാഘാതത്തിന്റെ സൂചനയാകാം.

അഞ്ച്…

അമിതമായ ക്ഷീണമാണ് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ മറ്റൊരു ലക്ഷണം. പല രോഗങ്ങളുടെയും ലക്ഷണമാണിത്. ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ ക്ഷീണം ശ്രദ്ധിക്കാതെ പോകരുത്.

ആറ്…

താടിയെല്ല്, കഴുത്ത്, കൈകൾ, പുറം, വയറുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. കൈകൾ, തോളുകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് പൊതുവായ ബലഹീനതയോ വേദനയോ അനുഭവപ്പെടുന്നതും ചിലപ്പോള്‍ സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍ ആയിരിക്കാം.

ഏഴ്…

തലകറക്കവും ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകാം. ഉത്കണ്ഠയും സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ഭാഗമായി അനുഭവപ്പെടാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here