ആരാണാ കള്ളൻ?, പാലാ ന​ഗരസഭയിൽ ഇയർ പോഡ് കാണാനില്ല, ഇടത് മുന്നണി കൗൺസിലർമാർ സംശയമുനയിൽ

0
123

കോട്ടയം: പാലാ നഗരസഭയിലെ ഇടതു കൗൺസിലറുടെ മുപ്പതിനായിരം രൂപ വിലയുള്ള ഇയർ പോഡ് മോഷണം പോയ സംഭവത്തിൽ വെട്ടിലായി ഇടതുമുന്നണി. ഇയർ പോഡ് മോഷണവുമായി ബന്ധമില്ലെന്നും യഥാർഥ കള്ളനെ കണ്ടെത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകിയതോടെ സ്വന്തം പക്ഷത്തെ കൗൺസിലർമാർ തന്നെ സംശയ നിഴലിലായതിന്റെ ആശങ്കയിലാണ് പാലായിലെ ഇടതു നേതൃത്വം. മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴിയുടേതാണ് ഇയർ പോഡ്. മുപ്പതിനായിരം രൂപ വിലയുള്ള ഇയർ പോഡ് കാണാതായതാണ് ന​ഗരസഭയിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം.

തന്റെ ഇയർ പോഡ് കട്ട കൗൺസിലർക്കെതിരെ മുഴുവൻ തെളിവുകളും കൈയിലുണ്ടെന്നാണ് മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴി അവകാശപ്പെടുന്നത്. എന്നാൽ സ്വന്തം മുന്നണി വെട്ടിലായിട്ടും സസ്പെൻസ് പൊളിക്കാൻ തയാറാകുന്നുമില്ല ജോസ് എന്നതാണ് ശ്രദ്ധേയം. അതേസമയം, ഇയർ പോഡ് കാണാതായ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. പാലാ ന​ഗരസഭയിൽ ഇടതുമുന്നണിയിലെ ധാരണപ്രകാരം പുതിയ വൈസ് ചെയർമാനെ തെരഞ്ഞെടുക്കുന്ന ദിവസമാണിന്ന്. ഫെബ്രുവരി മൂന്നിന് പുതിയ ചെയർമാനും വരും. കേരള കോൺ​ഗ്രസ് മാണി ​ഗ്രൂപ്പിനാണ് പുതിയ ചെയർമാൻ സ്ഥാനം കിട്ടേണ്ടത്. എന്നാൽ ഫെബ്രുവരി മൂന്നിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരൂവെന്നാണ് ജോസ് ചീരങ്കുഴി പറയുന്നത്. ആരാണ് കട്ടതെന്ന് ഫെബ്രുവരി മൂന്നിന് ശേഷം പറയാമെന്നും ജോസ് പറയുന്നു. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്വന്തം പക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുമ്പോഴും ഫെബ്രുവരി മൂന്ന് വരെ സസ്പെൻസ് നിറച്ച് കാത്തിരിക്കുകയാണ് ജോസ് ചീരങ്കുഴി.

LEAVE A REPLY

Please enter your comment!
Please enter your name here