പാട്ന: ബി ജെ പിക്കൊപ്പം സർക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാർ അധ്യക്ഷൻ രംഗത്തെത്തിയതോടെ ഇന്ത്യ സഖ്യത്തിന് ആശ്വാസം. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എൻ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ജെ ഡി യു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ നിഷേധിച്ചു. ഇന്ത്യ സഖ്യത്തിൽ തുടരുമെന്ന് ജെ ഡി യു ബിഹാർ അധ്യക്ഷൻ വ്യക്തമാക്കി.
എന്നാൽ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീൽ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാർ അടക്കം ആരുടെ മുന്നിലും എൻ ഡി എയുടെ വാതിലുകൾ അടച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീൽ മോദി അഭിപ്രായപ്പെട്ടു. അതിനിടെ ബി ജെ പി ദേശീയ നിർവഹക സമിതി യോഗം ശനി, ഞായർ ദിവസങ്ങളിൽ ബിഹാറിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.