ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് നല്ല ഓപ്ഷനാണ്. എന്നാല്‍ കയ്യില്‍ കിട്ടുന്ന എന്തും ഫ്രിഡ്ജില്‍ കൊണ്ടുപോയി വയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഈ ശീലം അത്ര നല്ലതല്ല. ഇങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ വയ്ക്കുന്നത് ആരോഗ്യകരമായ ശീലമല്ല.
മാത്രമല്ല, ചില ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുകയേ അരുത്. അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിന് കൃത്യമായ രീതിയിലും, കാലാവധിയും ഉണ്ട്, ഇതെങ്കിലും അറിഞ്ഞിരിക്കണം. എന്തായാലും ഫ്രിഡ്ജില്‍ അധികം സൂക്ഷിക്കാൻ പാടില്ലാത്ത, നാല് ഭക്ഷണസാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാനേ പാടില്ല എന്നില്ല, മറിച്ച് സൂക്ഷിക്കുന്നത് നല്ലതല്ല. കാരണം ഫ്രിഡ്ജില്‍ വച്ചാല്‍ പിന്നെ അവ ഉപയോഗിക്കാൻ നമ്മള്‍ ദിവസങ്ങള്‍ കാത്തിരിക്കും. ഈ സമയം കൊണ്ട് ഇവയിലുണ്ടാകുന്ന ദോഷകരമായ മാറ്റങ്ങളാണ് പ്രശ്നം.
ഒന്ന്…
വെളുത്തുള്ളിയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ലാത്ത ഒരു ഭക്ഷണസാധനം. വെളുത്തുള്ളി സാധാരണഗതിയില്‍ ആരും അങ്ങനെ ഫ്രിഡ്ജില്‍ വയ്ക്കാറില്ല. എങ്കിലും ചിലരെങ്കിലും ഇങ്ങനെ ചെയ്യാറുണ്ട്. തൊലിയോടെ വെളുത്തുള്ളി തീരെയും ഫ്രിഡ്ജില്‍ വയ്ക്കരുത്. തൊലി കളഞ്ഞ ശേഷമാണെങ്കില്‍ എയര്‍ടൈറ്റ് പാത്രത്തിലോ ബാഗിലോ സൂക്ഷിക്കാം. അല്ലാതെ വച്ച വെളുത്തുള്ളി ആരോഗ്യത്തിന് വെല്ലുവിളിയാണ്. കാരണം ഇതില്‍ ഒരു തരം പൂപ്പല്‍ വരും. ഈ പൂപ്പലാകട്ടെ ശരീരത്തിന് കേടാണ്. അതുപോലെ വെളുത്തുള്ളിയില്‍ പെട്ടെന്ന് മുള വരാനും ഫ്രിഡ്ജില്‍ വയ്ക്കുന്നത് കാരണമാകും. മുള വന്ന വെളുത്തുള്ളി ഉപയോഗിക്കരുത്. കാരണം ഇതില്‍ ‘മൈക്കോടോക്സിൻസ്’ എന്ന വിഷപദാര്‍ത്ഥം കാണാം.
രണ്ട്…
ഉള്ളിയാണ് അടുത്തതായി ഫ്രിഡ്ജില്‍ സൂക്ഷിക്കരുതാത്ത ഭക്ഷണസാധനം. ഇതും തൊലിയോടെ തീരെയും വയ്ക്കരുത്. തൊലി കളഞ്ഞതാണെങ്കില്‍ എയര്‍ടൈറ്റ് പാത്രമോ ബാഗോ നിര്‍ബന്ധം. അപ്പോഴും അധികദിവസം ഫ്രിഡ്ജില്‍ എടുത്തുവയ്ക്കരുത്. വെളുത്തുള്ളിയിലെന്ന പോലെ തന്നെ ഉള്ളിയിലും പൂപ്പല്‍ പിടിപെടും. ഈ പൂപ്പല്‍ ആരോഗ്യത്തിന് പ്രശ്നമാണ്.
മൂന്ന്…
ഇഞ്ചിയും ഇതുപോലെ തന്നെ. ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. പുറത്തുതന്നെ വയ്ക്കാം. ഇഞ്ചിയുടെ കാര്യത്തിലും ഫ്രിഡ്ജില്‍ വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പല്‍ തന്നെ പ്രശ്നം.
നാല്…
ചോറാണ് അടുത്തതായി ഫ്രിഡ്ജില്‍ വയ്ക്കരുത് എന്ന് നിര്‍ദേശിക്കുന്ന മറ്റൊരു വിഭവം. ചോറ് പക്ഷേ ഫ്രിഡ്ജില്‍ വയ്ക്കാത്ത ആരുമുണ്ടാകില്ല. അടച്ചുറപ്പോടെ ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കില്‍ ഒരു ദിവസത്തേക്ക് മാത്രം ഇത് വയ്ക്കാം. അതിലധികം ചോറ് ഫ്രിഡ്ജില്‍ വച്ചത് ഉപയോഗിക്കരുത്. ചോറിലും പെട്ടെന്ന് പൂപ്പല്‍ വരും.
ചോറിലായാലും മറ്റ് ഭക്ഷണസാധനങ്ങളിലായാലും വരുന്ന വഴുവഴുപ്പ് കണ്ടിട്ടില്ലേ? ഇതാണ് പൂപ്പല്‍. പതിവായി ഇങ്ങനെ പൂപ്പല്‍ പിടിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ആന്തരീകാവയവങ്ങള്‍ക്കെല്ലാം ഭീഷണിയാണ്. അതിനാല്‍ ഈ ശീലമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒഴിവാക്കണം.