മുഖം വികൃതമായ നിലയിൽ അജ്ഞാത മൃതദേഹം: എഐ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിച്ച് പോലീസ്; ചുരുളഴിഞ്ഞത് കൊലപാതകം

0
285

ന്യൂഡല്‍ഹി: നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ കൊലപാതക കേസിന്‍റെ ചുരുളഴിച്ച് ഡല്‍ഹി പോലീസ്. കൊലപാതകത്തിനിരയായ വ്യക്തിയെ തിരിച്ചറിയാൻ മാത്രമല്ല കുറ്റകൃത്യം നടത്തിയ മുഖ്യപ്രതികളെ കണ്ടെത്താനും എഐയുടെ സഹായത്തോടെ പോലീസിന് സാധിച്ചു.

ജനുവരി 10-നാണ് ഡല്‍ഹിയിലെ ഗീത കോളനി മേല്‍പ്പാലത്തിനുകീഴില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം വികൃതമായ നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത് എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും മരിച്ചയാളെ കണ്ടെത്താനുള്ള മറ്റ് സൂചനകളൊന്നും പോലീസിന് ലഭിച്ചില്ല.

തുടര്‍ന്ന് സാങ്കേതികവിദ്യയുടെ സഹായം തേടാന്‍ പോലീസ് തീരുമാനിച്ചു. എഐയുടെ സഹായത്തോടെ കൊല്ലപ്പെട്ട യുവാവിന്റെ മുഖം പുനഃസൃഷ്ടിച്ചു. മുഖച്ചിത്രം വ്യക്തമായതോടെ ആളെ തിരിച്ചറിയാനായി ശ്രമം. ഇതിനായി പോലീസ് 500 ഓളം പോസ്റ്ററുകള്‍ അച്ചടിച്ച് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചു. കൂടാതെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും യുവാവിന്റെ ഫോട്ടോ പ്രചരിപ്പിച്ചു. യുമുനാനദിയുടെ പശ്ചാത്തലം യുവാവിന്റെ ഫോട്ടോയ്ക്ക് നല്‍കിയിരുന്നു.

യുവാവിന്റെ ഫോട്ടോ കണ്ട് താന്‍ യുവാവിന്റെ ജ്യേഷ്ഠസഹോദരനാണെന്ന് അവകാശപ്പെട്ട് പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടു. ഹിതേന്ദ്രയെന്ന ആളാണ് മരിച്ചതെന്ന് ഇതോടെ പോലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

മൂന്നംഗസംഘവുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഹിതേന്ദ്ര കൊല്ലപ്പെട്ടതെന്ന കാര്യം പോലീസ് കണ്ടെത്തി. മൂന്നുപേർ ചേര്‍ന്ന് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതശരീരം ഉപേക്ഷിക്കുകയുമായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ ഒരു സ്ത്രീയുടെ സഹായവും ഇവർക്ക് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് സ്ത്രീ ഉള്‍പ്പെടെ നാല് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here