‘മൃതദേഹം’ കൊണ്ടുപോകവെ ആംബുലൻസ് റോഡിലെ കുഴിയിൽ വീണു, പരേതന് ജീവൻ തിരിച്ചുകിട്ടി -സംഭവമിങ്ങനെ

0
238

ചണ്ഡീഗഢ്: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനർജന്മം. മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണതോടെയാണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയതെന്ന് കുടുംബം അവകാശപ്പെട്ടു. ഹരിയാനയിലാണ് സംഭവം. 80 വയസ്സുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി തുണയായത്. മൃതദേഹം പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്കാരത്തിനായി വിറകു വരെ ഒരുക്കിയിരുന്നു. യാത്രക്കിടെ ആംബുലൻസ് കുഴിയിൽ വീണു.

ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ചെറുമകന് അച്ഛൻ കൈ ചലിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും ബ്രാറിന്റെ കുടുംബം പറഞ്ഞു. പരിശോധിച്ചപ്പോൾ ദർശൻ സിം​ഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യ നില ഗുരുതരമാണെങ്കിലും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുറച്ച് ദിവസമായി ബ്രാറിന് വാർധക്യസഹജമായ അസ്വാസ്ഥ്യമുണ്ടായിരുന്നു.

നെഞ്ചുവേദനയെ തുടർന്ന് കുടുംബം പട്യാലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാല് ദിവസം വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് പുറത്തെടുത്തു. അന്ത്യകർമങ്ങൾക്കായി ആംബുലൻസിൽ നിസിംഗിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരുമെല്ലാം എത്തുകയും സംസ്കാരത്തിനായി ഒരുക്കം പൂർത്തിയാക്കുകയും ചെയ്തു. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവിൽ ചികിത്സയിലാണെന്നും നെഞ്ചിൽ അണുബാധയുള്ളതിനാൽ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here