ഇടതു അനുകൂല ന്യൂനപക്ഷ സംഘടനകളുടെ കൂട്ടായ്മ വരുന്നു; ഭാരവാഹികളായി

0
282

കോഴിക്കോട്: ഇടത് അനുകൂല ന്യൂനപക്ഷ സംഘടനകളെയും മുസ്ലിം ലീഗിനോട് ഇടഞ്ഞു നില്‍ക്കുന്നവരെയും ചേർത്തുള്ള പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെടുന്നു. അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന പേരിലാണ് കൂട്ടായ്മ അറിയപ്പെടുക. അലയൻസിലെ സംഘടനകൾ ഒന്നായി ഭാവിയിൽ ഒറ്റ രാഷ്ട്രീയ പാർട്ടി ആകണമെന്നതാണ് പദ്ധതി.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുന്‍പുള്ള പതിനൊന്നംഗ സമിതിക്കാണ് രൂപം നല്‍കിയത്.പി ടി എ റഹീം എംഎല്‍എയാണ് ചെയർമാന്‍.പി ഡി പി ചെയർമാന്‍ അബ്ദുന്നാസർ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, ഐ എന്‍ എല്‍ നേതാവ് പ്രഫ.എ പി അബ്ദുല്‍ വഹാബ് എന്നിവർ ജനറല്‍ സെക്രട്ടറിമാരാണ്.

മുസ്ലിം ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആയിരിക്കെ നടപടി നേരിട്ട് പുറത്തായ കെ എസ് ഹംസയാണ് ട്രഷറർ. അബ്ദുന്നാസർ മഅ്ദനിയാണ് രക്ഷാധികാരി.സമസ്തയുടെ ഇരു ഗ്രൂപ്പുകളുമായി സംഘാടകർ നിരന്തര ആശയ വിനിമയം നടത്തുന്നുണ്ട്. പതിനൊന്നംഗ സമതിയില്‍ എ പി വിഭാഗത്തിന്റെ കീഴിലുള്ള മർകസ് നോളജ് സിറ്റിയിലെ പ്രധാനിയായ യൂസുഫ് എഞ്ചിനീയറും അംഗമാണ്.

സമിതിയുടെ പ്രഖ്യാപന സമ്മേളനം ഈ മാസം എറണാകുളത്ത് നടത്താനാണ് ആലോചന. ഐ എന്‍ എല്‍ കാസിം ഇരിക്കൂർ പക്ഷത്തെ എ എസ് ജെയുടെ ഭാഗമാക്കാനുള്ള ചർച്ചകള്‍ തുടരുകയാണ്. നിലവില്‍ കൂട്ടായ്മയുടെ ഭാഗമായ ചില നേതാക്കളുമായുള്ള ചേർച്ചക്കുറവാണ് തടസ്സമായി നില്‍ക്കുന്നത്.

എറണാകുളം സമ്മേളനത്തിന് ശേഷം ജില്ലാ തലത്തിലുള്ള സംഘാടനത്തിലേക്ക് കടക്കും. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത മൂർച്ഛിക്കുന്നത് മികച്ച അവസരമായാണ് കൂട്ടായ്മ കാണുന്നത്. ലീഗിലെ അതൃപ്തരെ മാത്രമല്ല, ലീഗിനോട് അതൃപ്തിയുള്ള സമസ്തക്കാരെയും സംഘടന ലക്ഷ്യം വെക്കുന്നുണ്ട്. ഇതിനായുള്ള സമ്പർക്ക പരിപാടികള്‍ സജീവമായി നടക്കുകയാണ്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്തായ കെ എസ് ഹംസയാണ് അലയന്‍സ് ഫോർ സോഷ്യല്‍ ജസ്റ്റിസിന്‍റെ മുഖ്യ സംഘാടകന്‍.പുതിയ സംഘടനയോടുള്ള സിപിഎം നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here