ഉറുമ്പ് കൊണ്ടുണ്ടാക്കുന്ന ചട്ണിക്ക് ലോകത്തിന്‍റെ അംഗീകാരം; അഭിമാനത്തില്‍ ഈ ഇന്ത്യൻ ഗ്രാമം

0
143

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യസംസ്കാരം വ്യത്യസ്തമാണെന്ന് നമുക്കറിയാം. പലപ്പോഴും ഒരിടത്തുള്ള ഭക്ഷ്യ സംസ്കാരത്തിന് പുറത്ത് നില്‍ക്കുന്നതോ ഉള്‍ക്കൊള്ളാൻ സാധിക്കാത്തതോ ആയിരിക്കും മറുഭാഗത്തുണ്ടാവുക. ഇന്ത്യയില്‍ തന്നെ ഇങ്ങനെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഭക്ഷ്യസംസ്കാരങ്ങള്‍ പലതുണ്ട്.

ചില വിഭവങ്ങള്‍ പക്ഷേ നാം കഴിക്കുമോ, നമുക്കിഷ്ടമാണോ, നമുക്ക് മാനസികമായി ഉള്‍ക്കൊള്ളാൻ സാധിക്കുമോ എന്ന കേവല പ്രശ്നങ്ങള്‍ക്കെല്ലാം അപ്പുറം തനിമയുടെയും സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെ തന്നെയുമെല്ലാം അടയാളമായിരിക്കും. 

അത്തരത്തിലുള്ള ഒരിന്ത്യൻ തനത് വിഭവത്തിന് ലോകത്തിന്‍റെ അംഗീകാരം കിട്ടിയ വാര്‍ത്തയാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ വിഭവത്തിന്‍റെ പ്രത്യേകത മൂലമാണ് ഇതിന് ഇത്രമാത്രം ശ്രദ്ധ ലഭിക്കുന്നതും.

ചുവന്ന ഉറുമ്പുകളെ കൊണ്ട് ഉണ്ടാക്കുന്ന ചട്ണിയാണ് ഈ വിഭവം. കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഇതുള്‍ക്കൊള്ളാൻ സാധിക്കില്ല. പക്ഷേ സംഗതി സത്യമാണ്. കടിച്ചാല്‍ സാമാന്യം വേദനയും കടച്ചിലും വരുന്ന, സ്കിൻ തിണര്‍ത്തുപൊങ്ങുന്ന തരം ഉറുമ്പ് തന്നെയാണിതും. ഇവയെ കൂടോടെ മരങ്ങളില്‍ നിന്ന് എടുത്തുകൊണ്ട് വന്ന് മുട്ടയും ഉറുമ്പുകളുമെല്ലാം വേര്‍തിരിച്ചെടുത്ത് ഇത് വച്ചാണ് ചട്ണി തയ്യാറാക്കുന്നത്. 

ഉറുമ്പുകളും മുട്ടയുമൊക്കെ കൊന്ന് – ഉണക്കി മറ്റ് ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചട്ണി കേടാകാതെ ഒരു വര്‍ഷം വരെയൊക്കെ സൂക്ഷിക്കുമത്രേ. ഒഡീഷയിലെ മയൂര്‍ഭഞ്ചിലാണ് അത്യപൂര്‍വമായ ഈ വിഭവം പ്രചാരത്തിലുള്ളത്. ഇവിടത്തുകാരുടെ തനത് വിഭവമാണിത്. 

ഇതിന് ഇപ്പോള്‍ ‘ജ്യോഗ്രഫിക്കല്‍ ഇൻഡിക്കേഷൻ’ (ജിഐ) ടാഗ് ലഭിച്ചിരിക്കുകയാണ്. ലോകത്തില്‍ തന്നെ തനിമയോടെ ഉത്പാദിപ്പിക്കപ്പെടുന്ന തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. ഇത് ലഭിക്കുകയെന്നത് നിസാരമായ സംഗതിയല്ല. എന്തായാലും ഇതോടെ മയൂര്‍ഭഞ്ചിലെ ഉറുമ്പ് ചട്ണി ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെടുകയാണ്. 

ഈ ചട്ണി കഴിക്കാൻ ഏറെ നല്ലതാണെന്നാണ് ഇത് കഴിക്കുന്നവരുടെ അഭിപ്രായം. സത്യത്തില്‍ ഇതിന്‍റെ രുചിയെക്കാള്‍ ഗുണമാണ് ഏറെ സവിശേഷം. ധാരാളം പ്രോട്ടീൻ, കാത്സ്യം, സിങ്ക്, വൈറ്റമിൻ ബി 12 എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും മികച്ച സ്രോതസാണത്ര ഇത്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും, എല്ലുകളുടെ വളര്‍ച്ചയ്ക്കും, കാഴ്ചശക്തിക്കും, തലച്ചോറിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും, നാഡികളുടെ ആരോഗ്യത്തിനുമെല്ലാം മികച്ചത്. 

ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ് ഉറുമ്പ് ചട്ണി പ്രചാരത്തിലുള്ളത്. മുമ്പ് പലപ്പോഴായി ഈ വിഭവം വാര്‍ത്തകളിലൂടെയും വീഡിയോകളിലൂടെയുമെല്ലാം പലരും കണ്ടിട്ടും അറിഞ്ഞിട്ടുമെല്ലാം ഉണ്ടായിരിക്കും. ഒഡീഷയില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ പല ഭാഗങ്ങളിലും- കേരളത്തില്‍ അടക്കം- ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഈ ഉറുമ്പ് ചട്ണി ഇപ്പോഴും കഴിച്ചുവരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here