ന്യൂഡല്‍ഹി:ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാതെ തന്നെ 50 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ അവകാശവാദം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റാവോള്‍ട്ട് എന്ന കമ്പനിയാണ് ന്യൂക്ലിയര്‍ അധിഷ്ഠിത ബാറ്ററി വികസിപ്പിച്ചതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാണയത്തേക്കാള്‍ ചെറിയ ബാറ്ററിയാണ് വികസിപ്പിച്ചത്. 63 ഐസോടോപ്പുകളെ നാണയത്തേക്കാള്‍ ചെറിയ മോഡ്യൂള്‍ ആക്കി ചുരുക്കിയാണ് ഇത് നിര്‍മിച്ചത്. ആണവോര്‍ജ്ജത്തെ ചെറിയ രൂപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച ലോകത്തിലെ ആദ്യത്തെ ബാറ്ററിയാണിതെന്ന് കമ്പനി പറഞ്ഞു.
അടുത്ത തലമുറ ബാറ്ററി ഇതിനകം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫോണുകളും ഡ്രോണുകളും പോലുള്ള വാണിജ്യ ആപ്ലിക്കേഷനുകള്‍ക്കായി വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും.എയ്റോസ്പേസ്, എഐ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മൈക്രോപ്രൊസസറുകള്‍, നൂതന സെന്‍സറുകള്‍, ചെറിയ ഡ്രോണുകള്‍, മൈക്രോ റോബോട്ടുകള്‍ എന്നിങ്ങനെ ഒന്നിലധികം സാഹചര്യങ്ങളില്‍ ദീര്‍ഘകാല വൈദ്യുതി വിതരണത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബീറ്റാവോള്‍ട്ട് ആറ്റോമിക് എനര്‍ജി ബാറ്ററികള്‍ക്ക് കഴിയുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിലവില്‍ ന്യൂക്ലിയര്‍ ബാറ്ററി 3 വോള്‍ട്ടില്‍ 100 മൈക്രോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 2025-ഓടെ ഒരു വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ റേഡിയേഷന്‍ മനുഷ്യശരീരത്തിന് അപകടമുണ്ടാക്കുന്നില്ലെന്നും പേസ് മേക്കര്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ഇത് ഉപയോഗിക്കാവുന്നതാണെന്നും ബീറ്റാവോള്‍ട്ട് പറഞ്ഞു. ഐസോടോപ്പുകളില്‍ നിന്നുള്ള ഊര്‍ജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.