ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കും, ഇത് എന്റെ ഉറപ്പ്: കേന്ദ്രമന്ത്രി

0
165

കൊൽക്കത്ത∙ രാജ്യത്ത് ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം  നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗാനയിൽ ഞായറാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പാക്കുന്നത് പശ്ചിമ ബംഗാളിൽ വോട്ടുയർത്താൻ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

‘‘അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സിഎഎ ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കും.’’ മന്ത്രി പറഞ്ഞു.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ ക്രൈസ്തവ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം. കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിര താമസമാക്കിയവർക്ക് മാത്രമായിരുന്നു മുൻപ് പൗരത്വം നൽകിയിരുന്നത്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയതോടെ രാജ്യത്താകെ വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.

പൗരത്വ ഭേദഗതി ബിൽ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ ആർക്കും തടയാനാകില്ലെന്ന് പശ്ചിമബംഗളിൽ നടന്ന ഒരു യോഗത്തിൽ അമിത് ഷാ കഴിഞ്ഞ വർഷം പ്രസ്താവിച്ചിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് മമതാ ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സിഎഎ നടപ്പാക്കുക എന്നുള്ളത് ബിജെപിയുടെ ഉത്തരവാദിത്തമാണ് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്ക് 1955–ലെ പരൗത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകാൻ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മുപ്പതിലേറെ ജില്ലാ മജിസ്ട്രേറ്റുമാർക്കും ഒമ്പതുസംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും കേന്ദ്രം അധികാരം നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2021–22 റിപ്പോർട്ടുകൾ പ്രകാരം 2021 ഏപ്രിൽ ഒന്നുമുതൽ 2021 ഡിസംബർ 31 വരെ ഇന്ത്യയിൽ കുടിയേറിയ 1,414 മതന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here