എസ്ബിഐ ശാഖയിലേക്ക് അപ്രതീക്ഷിതമായി എത്തിയ കാള ആളുകളിൽ പരിഭ്രാന്തി പടർത്തി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ എസ്ബിഐ ശാഖയിലേക്ക് കയറിയ കാളയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബാങ്കിലെ ജീവനക്കാരും ബാങ്കിലെത്തിയ ഇടപാടുകരും അതിഥിയെ കണ്ട് ഭയന്നു. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കാളയെ ഓടിക്കാൻ പല വഴികളും ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
As #Bull markets hits #SBI stocks
🐂 hit SBI branches #Investing— Vineeth K (@DealsDhamaka) January 11, 2024
വീഡിയോ വൈറലായതോടെ കാളയെ പല വിഷയങ്ങളുമായും താരതമ്യപ്പെടുത്തി ആളുകൾ പോസ്റ്റുകൾ ചെയ്യുന്നുണ്ട്. 15 ലക്ഷം രൂപ ലഭിക്കുമെന്ന വാർത്തയറിഞ്ഞു വന്നതാണ് കാളയെന്ന് വീഡിയോ പങ്ക് വച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അധികാരത്തിലെത്തിയാൽ ഓരോ വ്യക്തിയുടെയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്ന ബിജെപിയുടെ വാഗ്ദാനത്തെ മുൻ നിർത്തിയായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം.
ആസ്സാമിലെ ധൂബ്രി ജില്ലയിലെ മാളിൽ ഒരു തുണിക്കടയിലേക്ക് ഒരു പശു കയറിച്ചെല്ലുന്ന വീഡിയോ കഴിഞ്ഞ വർഷം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കടയിലെ ജീവനക്കാർ ഭയന്ന് നാല് പാടും ഓടുന്നതും വീഡിയോയിൽ കാണാൻ സാധിച്ചിരുന്നു. സമാനമായി ഓസ്ട്രേലിയയിലെ സിഡ്‌നിയിലും ഷോപ്പിങ് മാളിലേക്ക് ഒരു പശു നടന്ന് കയറുന്ന വീഡിയോ വൈറലായിരുന്നു. പിന്നീട് ഒരു കുഴിയിലേക്ക് വീണ പശുവിനെ രക്ഷാപ്രവർത്തകർ എത്തിയാണ് രക്ഷപെടുത്തിയത്.