ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 543-ല്‍ 400 സീറ്റിലും വിജയിക്കുക എന്ന ബൃഹത്തായ ലക്ഷ്യം മുന്നില്‍ക്കണ്ട് വന്‍ പദ്ധതികളുമായി ബി.ജെ.പി. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെയും എം.പിമാരെയും സ്വന്തം പാളയത്തില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ അടവും പയറ്റാനാണ് നീക്കമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച നടന്ന സുപ്രധാന യോഗത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഇതടക്കമുള്ള ചുമതലകള്‍ നല്‍കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പി. ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെക്കാണ് ജോയിനിങ് കമ്മറ്റിയുടെ ചുമതല എന്നാണ് പുറത്തുവരുന്ന വിവരം. മറ്റുപാര്‍ട്ടികളില്‍നിന്ന് സ്വാധീനമുള്ള നേതാക്കളെയും സിറ്റിങ് എം.പിമാരെയും ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ ഈ സമിതി പരിശോധിക്കും. മണ്ഡലത്തിലെ വ്യക്തിയുടെ സ്വാധീനവും വിജയ സാധ്യതയും അടിസ്ഥാനമാക്കി ആയിരിക്കും തീരുമാനം. പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിവുള്ള ഒരു സ്ഥാനാര്‍ഥി ഇല്ലെന്ന് തോന്നുന്ന സീറ്റുകളില്‍ ഈ മാര്‍ഗം ഉപയോഗിക്കാനാണ് ആലോചനയെന്ന് പാര്‍ട്ടി നേതാവ് വ്യക്തമാക്കിയതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നഷ്ടപ്പെട്ട 160 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ തീരുമാനം.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തയ്യാറാക്കാനുള്ള ചുമതല പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസ് അഗര്‍വാളിനാണ്. തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റ് അനുബന്ധ ജോലികളും സുനില്‍ ബന്‍സാലും മറ്റ് ജനറല്‍ സെക്രട്ടറിമാരും നിര്‍വഹിക്കും. ദുഷ്യന്ത് ഗൗതം രാജ്യത്തുടനീളമുള്ള ബുദ്ധമതക്കാരുടെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്യും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ്, മന്‍സുഖ് മാണ്ഡവ്യ എന്നിവരുമായും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദ കൂടിക്കാഴ്ച നടത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.