കർണാടകയിൽ ബി.ജെ.പി എം.എൽ.എ സോമശേഖർ ഡി.കെ ശിവകുമാറിനെ കണ്ടു; കോൺഗ്രസിൽ ചേരുമെന്ന് സൂചന

0
166

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബി.ജെ.പി നേതാവും യശ്വന്ത്പൂർ എം.എൽ.എയുമായ എസ്.ടി സോമശേഖർ കോൺഗ്രസിൽ ചേരുമെന്ന് സൂചന. സോമശേഖർ കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി.

യശ്വന്ത്പുര കൂടി ഉൾപ്പെടുന്ന ബെംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ ശക്തമായി എതിർക്കുന്ന നേതാവാണ് സോമശേഖർ. ഇവിടെ സിറ്റിങ് എം.പിയായ ഡി.വി സദാനന്ദ ഗൗഡയെ മത്സരിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. എതിർപ്പ് തള്ളി സി.ടി രവിയെ മത്സരിപ്പിക്കുകയാണെങ്കിൽ മകൻ നിശാന്തിനെ കോൺഗ്രസ് സ്ഥാനാർഥിയായി ഇറക്കാനാണ് സോമശേഖറിന്റെ നീക്കം.

പല ബി.ജെ.പി എം.എൽ.എമാരും ഇരുട്ടിന്റെ മറവിലാണ് ശിവകുമാറിനെ കാണുന്നത്. എന്നാൽ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും മാധ്യമങ്ങളുടെ വെളിച്ചത്തിലാണ് താൻ എത്തിയതെന്നും സോമശേഖർ പറഞ്ഞു. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായും സോമശേഖർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ മന്ത്രികൂടിയായ ശിവറാം ഹെബ്ബാറിനൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. 2019-ൽ കോൺഗ്രസിൽനിന്ന് കൂറുമാറി ബി.ജെ.പിക്കൊപ്പം ചേർന്ന നേതാക്കളാണ് ഇരുവരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തര കന്നഡയിൽനിന്ന് മത്സരിക്കാൻ ഹെബ്ബാർ ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. നേരത്തെ ശിവകുമാറിന്റെ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതിന് ഇരു നേതാക്കളോടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര വിശദീകരണം തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here