രാവിലെ മഹാസഖ്യ സര്‍ക്കാര്‍ മുഖ്യമന്ത്രി,വൈകീട്ട് എന്‍ഡിഎ മുഖ്യമന്ത്രി: നിതീഷ് സത്യപ്രതിജ്ഞ ചെയ്തു

0
210

പട്‌ന: മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ട് വീണ്ടും എന്‍ഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ഒരിക്കല്‍കൂടി സത്യപ്രതിജ്ഞ ചെയ്തു. വ്യത്യസ്ത മുന്നണികളുടെ ഭാഗമായി ഇത് ഒമ്പതാമത്തെ തവണയാണ് ജെഡിയു മേധാവി നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ സത്യവാചകം ചൊല്ലികൊടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്.

ജെഡിയുവിന്റെ വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, ബിജെപിയുടെ ഡോ. പ്രേംകുമാര്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച പ്രസിഡന്റ് ഡോ. സന്തോഷ് കുമാര്‍ സുമന്‍, സ്വതന്ത്ര എം.എല്‍.എ. സുമിത് കുമാര്‍ സിങ് എന്നിവരാണ് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമെ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.

രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2022-ല്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായ നിതീഷ് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ട് രാജി സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here