Wednesday, January 22, 2025
Home Latest news ഇന്ത്യമുന്നണിക്ക് വീണ്ടും തിരിച്ചടി;ഒറ്റയ്ക്ക് മത്സരിക്കാൻ എഎപി

ഇന്ത്യമുന്നണിക്ക് വീണ്ടും തിരിച്ചടി;ഒറ്റയ്ക്ക് മത്സരിക്കാൻ എഎപി

0
87

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ബം​ഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പഞ്ചാബിലെ ലോക്സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ ആം ആദ്മിയും ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്ന് അറിയിച്ച മമത ബംഗാളിൽ ബിജെപിയെ തോൽപ്പിക്കാൻ തന്റെ പാർട്ടിക്കാകുമെന്നും പറഞ്ഞു.

ആം ആദ്മിയുടെ പ്രഖ്യാപനത്തോട് ഇതുവരെ കോൺ​ഗ്രസ് പ്രതികരിച്ചിട്ടില്ല. അതേസമയം, ബം​ഗാളിൽ സഖ്യം തുടരുമെന്ന് മമതയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ വ്യക്തമാക്കി. ബി.ജെ.പിയുടെ സീറ്റുകൾ കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇന്ത്യാ സഖ്യത്തിനുള്ളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ സഖ്യ രൂപീകരണം മുതൽ തന്നെ എഎപി-കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡൽഹിയിലേയും പഞ്ചാബിലേയും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിൽ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിർപ്പുകളെ തുടർന്ന് ഡൽഹി ഓർഡിനൻസ് ബില്ലിൽ അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യത്തനുള്ളിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ പുറത്തേക്കുവരുന്നത് വലിയ തിരിച്ചടിയായാണ് നേതൃത്വത്വം കണക്കാക്കുന്നത്. ആം ആദ്മിക്കും തൃണമൂലിനും പുറമെ എസ്.പിയുമായും തർക്കം നിലനിൽക്കുന്നുണ്ട്. ഉത്തർപ്രദേശിൽ ബി.ജെ.പി.യെ വീഴ്ത്തണമെങ്കിൽ ബി.എസ്.പി.യെയും ഒപ്പം കൂട്ടണമെന്ന കോൺ​ഗ്രസ് നിലപാടിനോട് സമാജ്‌വാദി പാർട്ടിക്ക് അനുകൂല നിലപാടല്ല ഉള്ളതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, ആകെയുള്ള 80 സീറ്റിൽ 20 എണ്ണം നൽകണമെന്ന കോൺഗ്രസിന്‍റെ ആവശ്യത്തിനും എസ്.പി വഴങ്ങിയില്ല.

2022-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റുവിഭജനം ആലോചിക്കുന്നത്. ബി.എസ്.പി.യെക്കൂടി കൂട്ടിയാൽ എല്ലാവരുംചേർന്ന് വോട്ടുവിഹിതം 50 ശതമാനം കടക്കും. ‘ഇന്ത്യ’യിലെ മറ്റു ചെറിയ പാർട്ടികൾകൂടി ചേർന്നാൽ ബി.ജെ.പി.യെ പരാജയപ്പെടുത്താമെന്നാണ്‌ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന വാദം.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലെ കോൺ​ഗ്രസ് നിലപാടിൽ സഖ്യത്തിനുള്ളിൽ വലിയ വിമർശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെത്തുംമുമ്പ് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പാർട്ടി കരുതുന്നതെങ്കിലും യാത്ര ബംഗാളിൽ വരുന്ന കാര്യം തന്നെ അറിയിച്ചില്ലെന്ന് മമതയുടെ പ്രതികരണം അതിൽ കല്ലുകടിയായി മാറിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here