മഞ്ചേശ്വരം പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

0
307

കാസര്‍കോട്: മഞ്ചേശ്വരം കൊപ്പളം പുഴയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സുരത്ത്കല്ല് കാട്ടിപ്പള്ള സ്വദേശി അബൂബക്കറിന്റെ മകന്‍ ഇഹാബി(20)ന്റേതാണ് മൃതദേഹം. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് മൃതദേഹം ഇഹാബിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കൊപ്പള പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. പൂര്‍ണ്ണമായും നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കൊപ്പള പുഴയില്‍ കണ്ടെത്തിയത്. വേലിയിറക്കത്തിന്റെ സമയത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ ഒഴുക്ക് കുറവായതിനാല്‍ മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പൊലീസ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. കടല്‍ വഴി വേലിയേറ്റ സമയത്ത് മൃതദേഹം പുഴയിലെത്തിയിരിക്കാമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍. മൃതദേഹം തിരിച്ചറിയുന്നതിന് മഞ്ചേശ്വരം പൊലീസ് കര്‍ണ്ണാടക പൊലീസിന്റെ സഹായം തേടിയിരുന്നു.

രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഇഹാബ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തലപ്പാടിയിലെ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. എന്താണ് ഇഹാബിനു സംഭവിച്ചതെന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു. സഹോദരങ്ങള്‍: അബ്ദുള്ള, ആസ്യ.

LEAVE A REPLY

Please enter your comment!
Please enter your name here