ലോക്‌സഭാ തെരഞ്ഞെടുപ്പ്: യു.പിയിൽ കോൺഗ്രസിന് 11 സീറ്റുകൾ നൽകാമെന്ന് അഖിലേഷ് യാദവ്

0
154

ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് 11 സീറ്റുകൾ നൽകാമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇൻഡ്യ മുന്നണിയുടെ ഭാഗമായാണ് കോൺഗ്രസും എസ്.പിയും മത്സരിക്കുന്നത്. മുന്നണിയിൽ അംഗമായ രാഷ്ട്രീയ ലോക്ദളും യു.പിയിൽ മത്സരിക്കുന്നുണ്ട്.

”കോൺഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം ശക്തമായ 11 സീറ്റുകളുമായി നല്ല തുടക്കമാണ്. ഈ ട്രെൻഡ്‌ വിജയസമവാക്യമായി മുന്നോട്ട് പോകും”-അഖിലേഷ് എക്‌സിൽ കുറിച്ചു.

എസ്.പിയും ആർ.എൽ.ഡിയും തമ്മിൽ കഴിഞ്ഞ ആഴ്ച സീറ്റ് ധാരണയിലെത്തിയിരുന്നു. ഏഴ് സീറ്റുകളിലാണ് ആർ.എൽ.ഡി മത്സരിക്കുക. സീറ്റുകളുടെ എണ്ണമല്ല, വിജയസാധ്യതയാണ് മുന്നണി ബന്ധത്തെ രൂപപ്പെടുത്തുന്നതെന്ന് അഖിലേഷ് പറഞ്ഞു. ഓരോ സീറ്റിലും ആർക്കാണ് വിജയസാധ്യതയെന്ന് നോക്കിയാണ് സീറ്റ് വിഭജനം നടത്തുന്നതെന്നും അഖിലേഷ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് എസ്.പി കോൺഗ്രസുമായി ഒരുമിച്ച് മത്സരിക്കാൻ തയ്യാറെന്ന് വ്യക്തമാക്കുന്നത്. ബംഗാളിൽ സഖ്യത്തിനില്ലെന്നും ടി.എം.സി ഒറ്റക്ക് മത്സരിക്കുമെന്നും ബുധനാഴ്ച മമതാ ബാനർജി പറഞ്ഞിരുന്നു. പഞ്ചാബിൽ സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാനും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here