വൈ എസ് ശർമ്മിളക്ക് പിന്നാലെ അമ്മ വൈ എസ് വിജയമ്മയും കോൺ​ഗ്രസിൽ ചേർന്നേക്കും

0
100

ബെം​ഗളൂരു: ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മയും മകൾ ശർമിളയ്ക്ക് ഒപ്പം കോൺഗ്രസിൽ ചേർന്നേക്കും. നാളെ വൈഎസ്ആർടിപി എന്ന തന്‍റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താനിരിക്കുകയാണ് വൈ എസ് ശർമിള. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ പാർട്ടിയുടെ മുഖമായി ഇരുവരെയും നിർത്താനാണ് കോൺഗ്രസ് നീക്കം.

2009-ൽ വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് ആന്ധ്രയിൽ കോൺഗ്രസിന് വലിയ ആഘാതമായിരുന്നു. അതിലും വലിയ ആഘാതമായിരുന്നു, മകൻ ജഗൻമോഹന് മുഖ്യമന്ത്രി പദവി കൊടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് വൈഎസ്ആറിന്‍റെ ഭാര്യ വൈ എസ് വിജയമ്മ തന്‍റെ രണ്ട് മക്കളെയും കൂട്ടി പാർട്ടി വിട്ടത്. ആന്ധ്രയൊട്ടാകെ മക്കളെയും കൂട്ടി വിജയമ്മ നടത്തിയ ‘പ്രജാ സങ്കൽപ’ എന്ന പദയാത്ര അന്ന് ആന്ധ്രയിലെ കോൺഗ്രസിന്‍റെ വേരറുത്തു.

വലിയ വിജയത്തോടെ 2019-ൽ ജഗൻമോഹൻ മുഖ്യമന്ത്രിയുമായി. ജഗൻമോഹന്‍റെ വിജയത്തിന് പിന്നിലെ പ്രധാന സാന്നിധ്യമായിരുന്ന അമ്മ വിജയമ്മ ഭർത്താവിന്‍റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് തിരികെ വരികയാണ്. മകൾ വൈ എസ് ശർമിളയോടൊപ്പം ജഗൻമോഹനെതിരെ പ്രധാനമുഖമായി വിജയമ്മയും ഉണ്ടാകും. ഇതുവരെ ഒരേ സംസ്ഥാനത്ത് വൈ എസ് ആറിന്‍റെ രണ്ട് മക്കളും പരസ്പരം മത്സരിച്ചിട്ടില്ല. ശർമിളയുടെ പ്രവർത്തനമണ്ഡലം തെലങ്കാനയായിരുന്നു.

എന്നാൽ ഇത്തവണ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജഗൻമോഹൻ റെഡ്ഡിയാകട്ടെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർഥിപ്പട്ടികകൾ ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ്. രാഷ്ട്രീയത്തിൽ എതിരാളികളായി നിൽക്കാൻ തീരുമാനിക്കുമ്പോഴും ജഗനെ കണ്ട് മകന്‍റെ വിവാഹം ക്ഷണിക്കാൻ പോകുമെന്ന് ശർമിള പറയുന്നു. ആന്ധ്രയുടെ രാഷ്ട്രീയസമവാക്യങ്ങളിൽ ഈ ചുവടുമാറ്റം എന്തെല്ലാം മാറ്റം വരുത്തുമെന്നതാണ് നിർണായകമായ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here