ജല്‍ഗോണ്‍: ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 28കാരനായ പൊലീസ് കോണ്‍സ്റ്റബിളിനെ 12 പേരടങ്ങുന്ന സംഘം വടിവാളുകളും സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍ ജില്ലയിലാണ് സംഭവം.
ചാലിസ്ഗാവിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഈ അതിക്രമം നടന്നത്. മുംബൈ പൊലീസിലെ ശുഭം അഗോൺ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മൂന്നു പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.സംഭവം നടക്കുമ്പോൾ ശുഭം സ്വദേശത്തായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ചാലിസ്ഗാവില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീമില്‍ ശുഭം ഉണ്ടായിരുന്നു.
മത്സരത്തിന് തൊട്ടുപിന്നാലെ ശുഭം തന്‍റെ എതിരാളികളായ ടീമംഗങ്ങളുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് രംഗം വഷളാവുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. വൈകിട്ട എതിരാളികളായ ടീമംഗങ്ങൾ ശുഭമിനെയും കർഷകനും ശുഭമിന്‍റെ സുഹൃത്തുമായ ആനന്ദിനെയും ഘരാവോ ചെയ്യുകയും വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശുഭം ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ആനന്ദിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളാണ് പൊലീസില്‍ പരാതി നല്‍കിയത്.