നിധി കണ്ടെത്താന്‍ വീട്ടിനുള്ളിൽ കുഴിച്ചത് 130 അടിയുള്ള ഗർത്തം; ഒടുവിൽ ആ കുഴിയിൽ വീണ് 71 കാരന് ദാരുണാന്ത്യം !

0
260

നിധി കണ്ടെത്തുന്നതിനായി വീടിനുള്ളിൽ അടുക്കളയിൽ കുഴിച്ച ഗർത്തത്തിൽ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശിയായ ജോവോ പിമെന്‍റാ ഡാ സിൽവ ആണ് 130 അടി താഴ്ചയുള്ള കുഴിയിൽ വീണ് മരിച്ചത്. സ്വർണ്ണം കണ്ടെത്തുന്നതിനായി ജോവോ തന്നെയാണ് വീടിന്‍റെ അടുക്കളയ്ക്കുള്ളില്‍ കുഴിയെടുത്തത്. ബ്രസീലിയൻ സംസ്ഥാനമായ മിനാസ് ഗെറൈസിൽ സ്ഥിതി ചെയ്യുന്ന ഇപാറ്റിംഗ മുനിസിപ്പാലിറ്റിയിലെ തന്‍റെ വീടിന് താഴെ നിധിയുണ്ടെന്ന വിശ്വസത്തിലാണ് ഇയാൾ ഉത്തരത്തിലൊരു പ്രവർത്തി ചെയ്തത്. ഒരു വർഷത്തിലേറെയായി ജോവോ നിധി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. വീടിനുള്ളിലെ തന്‍റെ നിധി തേടലിൽ സഹായിക്കാനായി ഏതാനും സഹായികളെയും ഇയാൾ ഒപ്പം കൂട്ടിയിരുന്നു.

ഒരു വർഷത്തിലധികമായി തന്‍റെ വീടിനുള്ളിൽ നിന്നും നിധി കണ്ടെത്തണമെന്ന അതിയായ ആ​ഗ്രഹത്തിലായിരുന്നു ജോവോയെന്ന് ജോവോയുടെ അയൽവാസിയായ അർണാൾഡോ ഡ സിൽവ പറയുന്നു. ഖനന ജോലികൾ ചെയ്യാൻ നിരവധി ആളുകളെ ഇയാൾ ജോലിക്ക് നിയമിച്ചിരുന്നു. തുടക്കകാലത്ത് ഒരു ദിവസം 70 ബ്രസീലിയൻ റിയാസ് ഇയാള്‍ കൂലിയായി നൽകിയിരുന്നു. പിന്നീട്  കുഴിയുടെ ആഴം  കൂടുന്തോറും ചെലവുകൾ വർദ്ധിച്ചു. ​ഗർത്തത്തിനുള്ളിൽ പ്രവേശിച്ച് മണ്ണ് നീക്കം ചെയ്യാൻ സഹായിച്ചവർക്ക് അദ്ദേഹം ഏകദേശം 495 ബ്രസീലിയൻ റിയാസ് വരെ കൂലിയായി നൽകി. ഒടുവിൽ നീക്കം ചെയ്യാൻ പ്രയാസമുള്ള ഒരു വലിയ കല്ലിൽ തട്ടിയതോടെ പണി നിലച്ചു. ആ കല്ല് പൊട്ടിക്കാനുള്ള ശ്രമങ്ങളായിരുന്നു ഒടുവിൽ ഇയാൾ നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

സ്വപ്നത്തിൽ ഒരു ആത്മാവിൽ നിന്ന് മാർഗനിർദേശം ലഭിച്ചതനുസരിച്ചാണ് താൻ നിധി തേടുന്നതെന്നാണ് ജോവോ അവകാശപ്പെട്ടിരുന്നത്. തന്‍റെ അടുക്കളയ്ക്ക് താഴെയുള്ള പാറയ്ക്ക് താഴെ സ്വർണ്ണത്തിന്‍റെ സാന്നിധ്യം ഉണ്ടെന്നായിരുന്നു ഇയാൾ വിശ്വസിച്ചിരുന്നത്. അന്വേഷണത്തിന്‍റെ അപകടങ്ങളെക്കുറിച്ച് ആശങ്കാകുലരായ അയൽവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും, ജോവോ പിൻവാങ്ങിയില്ല, ഒടുവിൽ ജനുവരി 5 ന് താൻ കുഴിച്ച കുഴിയിൽ തന്നെ വീണ് അദ്ദേഹം ദാരുണമായി മരിച്ചു.

​ഗർത്തത്തിന്‍റെ അടിത്തട്ടിൽ കണ്ടെത്തിയ ജോവോയുടെ ശരീരം അ​ഗ്നിശമന സേനാം​ഗങ്ങളാണ് പുറത്തെടുത്തത്. ഏകദേശം 35 ഇഞ്ച് വ്യാസമുള്ളതും  12 നിലകൾക്ക് തുല്യമായ ആഴത്തിലുള്ളതുമായ ഖനനം ജോവോയും കൂട്ടാളികളും ചേർന്ന് ഇതിനകം നടത്തിയിരുന്നു. വെള്ളവും ചെളിയും നീക്കം ചെയ്യാനുള്ള ജോലി കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ​ഗർത്തത്തിന്‍റെ മുകൾഭാഗത്തുള്ള തടികൊണ്ടുള്ള പ്ലാറ്റ്‌ഫോമിൽ നിന്ന് ജോവോ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം കൂടെയുണ്ടായിരുന്നവര്‍ക്ക് അപകടം തടയാൻ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here