രാജ്യസഭയില്‍ നിന്ന് ഈ വർഷം പടിയിറങ്ങുന്നത് 68 എംപിമാര്‍; 60 പേരും ബിജെപി അംഗങ്ങള്‍, കേരളത്തില്‍ നിന്ന് മൂന്നുപേര്‍

0
82

ഈവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയില്‍ നിന്ന് പടിയിറങ്ങുന്നത് 68 എംപിമാര്‍. ഇതില്‍ 60പേരും ബിജെപിയില്‍ നിന്നുള്ളവരാണ്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കാലാവധി പൂര്‍ത്തിയാകുന്നവരുടെ കൂട്ടത്തിലുണ്ട്. കേരളത്തില്‍ നിന്ന് മൂന്നു എംപിമാരും കാലാവധി പൂര്‍ത്തിയാക്കും.

റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കും.

ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുവരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. പത്ത് സീറ്റുകളാണ് ഇവിടെ ഒഴിവുവരുന്നത്. മഹാരാഷ്ട്ര, ബിഹാര്‍ (6 വീതം), മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ (5 വീതം), കര്‍ണാടക, ഗുജറാത്ത് (4 വീതം), ഒഡീഷ, തെലങ്കാന, കേരള, ആന്ധ്രാപ്രദേശ് (3 വീതം), ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ (2 വീതം), ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ് (1 വീതം) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളുടെ എണ്ണം.

4 നോമിനേറ്റഡ് അംഗങ്ങള്‍ ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭ വിടും. ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഹിമാചലിന് പുറത്തുനിന്നുള്ള സീറ്റില്‍ മത്സരിക്കും. ഹിമാചലില്‍ ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസ് ആയതിനാലാണ് മറ്റൊരു സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്നത്. ഇതിന് പുറമേ, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍, ഭൂപേന്ദ്ര യാദവ്, ധര്‍മേന്ദ്ര പ്രധാന്‍, മസുഖ് മാണ്ഡവ്യ, ഹര്‍ദീപ് സിങ് പുരി, എസ് ജയ്ശങ്കര്‍, പുരുഷോത്തം രൂപാല എന്നിവര്‍ ഉള്‍പ്പെടെ 18 ബിജെപി എംപിമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here