60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു, അന്ന് പലരും ആക്ഷേപിച്ചു; മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

0
155

ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസം​ഗം. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണ് അന്ന് ആക്ഷേപിച്ചത് എന്ന് ഇപ്പോൾ പറയുന്നില്ല. മുസ്ലീം ലീഗ് എം.എൽ.എ പി. ഉബൈദുള്ളയാണ് പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത്.

നിഷ്കളങ്കരായ മനുഷ്യരുടെയും മതനിരപേക്ഷതയുടെയും നാടാണ് മലപ്പുറം. ജനമനസ്സുകളുടെ ഒരുമയാണ് ഇവിടെയുളളത്. മലപ്പുറത്തെ അപകീർത്തിപെടുത്താൻ എന്തും ചെയ്യുന്ന ഒരു ആശയസംഹിത കേന്ദ്രത്തിൽ അധികാരം ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്.

സാമ്രാജ്യത്വ വിരുദ്ധ പോരാളികളെ പട്ടികയിൽ നിന്ന് വർഗീയവാദികൾ വെട്ടി മാറ്റാൻ ശ്രമിക്കുകയാണ്. ഇന്ന് ഇതിൽ അസ്വാഭാവികത ഇല്ല. ഹിന്ദുത്വ വർഗീയതയാണ് അധികാരത്തിലുള്ളത്. അധികാരശക്തി ഉപയോഗിച്ച് വർഗീയമായ ഭിന്നിപ്പിക്കൽ തന്ത്രം അവർ വിപുലപ്പെടുത്തിയിരിക്കുകയാണ്.

വർഗീയമായ ഭിന്നിപ്പിക്കലിനെ ചെറുക്കേണ്ടത് യഥാർത്ഥ ചരിത്രം ജനശ്രദ്ധയിലേക്ക് എത്തിച്ചു കൊണ്ടാവണം. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പുരോഗതി ഉറപ്പ് വരുത്തിയതിൽ ഇഎംഎസിന്റെയും സി എച്ചിന്റെയും സംഭാവനകൾ ഓർക്കേണ്ടതുണ്ട്.

സിനിമയിൽ പോലും ഈ നാടിനെ വികൃതമാക്കാൻ ശ്രമിക്കുകയാണ്. സിനിമകളിൽ ചിലർ മലപ്പുറത്തെ വികൃതമായി ചിത്രീകരിച്ചു. ഹിന്ദുത്വ വർഗീയ പ്രചാരണത്തിന്റെ ഭാഗമാണത്. അത്തരം പ്രചാരണം നടത്തുന്നവർ അതിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here