ക്രിക്കറ്റ് മത്സരത്തിനിടെ 52കാരന് ദാരുണാന്ത്യം; മരണം മറ്റൊരു മത്സരത്തിലെ ബാറ്റര്‍ അടിച്ച പന്ത് തലയില്‍കൊണ്ട്

0
122

മുംബൈ: ക്രിക്കറ്റ് മത്സരത്തില്‍ ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു മത്സരത്തിലെ ബാറ്ററടിച്ച പന്ത് തലയില്‍ കൊണ്ട് 52കാരന്‍ മരിച്ചു. തിങ്കളാഴ്ച മാതുംഗയിലെ ഡഡ്കര്‍ ഗ്രൗണ്ടിലാണ് ദാരുണമായ സംഭവം നടന്നത്. മുംബൈയിലെ വ്യവസയായി കൂടിയായ ജയേഷ് ചുന്നിലാല്‍ സാവ്ലയാണ് ഇന്നലെ നടന്ന 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന കുച്ചി വിസ ഓസ്വാള്‍ വികാസ് ലെജന്‍ഡ് ടി20 ടൂര്‍ണമെന്‍റിനിടെയുണ്ടായ സംഭവത്തില്‍ മരിച്ചത്.

സ്ഥലപരിമിതിമൂലം അടുത്തടുത്ത പിച്ചുകളില്‍ ഒരേസമയം രണ്ട് മത്സരങ്ങള്‍ സംഘാടകര്‍ നടത്തുകയായിരുന്നു. ഇതിനിടെ രണ്ടാമത്തെ മത്സരം നടക്കുന്ന പിച്ചിന് സമീപമാണ് ചുന്നിലാല്‍ ഫീല്‍ഡ് ചെയ്തിരുന്നത്. തന്‍റെ ടീമിന്‍റെ മത്സരത്തില്‍ ശ്രദ്ധിച്ചു നിന്ന ചുന്നില്‍ രണ്ടാമത്തെ മത്സരത്തിലെ ബാറ്റര്‍ ശക്തിയായി അടിച്ച പന്ത് കണ്ടില്ല. പന്ത് കൊണ്ടത് ചുന്നിലാലിന്‍റെ ചെവിക്കും തലയിലും ഇടയിലായിരുന്നു. പന്ത് കൊണ്ട ഉടന്‍ ബോധരഹിതനായി നിലത്തുവീണ ചുന്നിലാലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സ്ഥലപരിമിതിമൂലം ഒരു ഗ്രൗണ്ടില്‍ പലപ്പോളും അഞ്ചും ആറും മത്സരങ്ങള്‍ മുംബൈയില്‍ നടക്കാറുണ്ട്. ഈ സമയം സ്വന്തം ടീമിന്‍റെ കളിയില്‍ മാത്രം ശ്രദ്ധിച്ചു നില്‍ക്കുന്ന ഫീല്‍ഡറുടെ ദേഹത്ത് പന്ത് കൊള്ളുക പതിവാണെങ്കിലും ആദ്യമായാണ് ഒരു കളിക്കാരന്‍ പന്തു കൊണ്ട് മരിക്കുന്നത്. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തുവെന്നും മാതുംഗ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ദീപക് ചവാന്‍ പറഞ്ഞു. മരിച്ച ചുന്നിലാലിന് ഭാര്യയും മകനുമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here