കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 2 കോടി വിലമതിക്കുന്ന 3 കിലോയിലധികം സ്വർണ്ണം പിടികൂടി; സ്വർണ്ണം സൂക്ഷിച്ചത് വിമാനത്തിലെ ഡസ്റ്റ് ബിന്നിൽ

0
119

കോഴിക്കോട്:രഹസ്യ വിവരത്തെ തുടർന്ന് ദുബായിൽ നിന്നും വന്ന ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ പിന്നിലെ ടോയ്‌ലറ്റിലെ ഡസ്റ്റ് ബിൻ ക്യാബിനിൽ ഒളിപ്പിച്ചിരുന്ന ടേപ്പുകൊണ്ട് പൊതിഞ്ഞ 3317 ഗ്രാം ഭാരമുള്ള രണ്ട് സ്വർണ്ണ പാക്കറ്റുകൾ കണ്ടെത്തി. ഇതിനുള്ളിൽ നിന്നും 2 കോടി രൂപ മൂല്യവും 3264 ഗ്രാം ഭാരവും ഉള്ള 28 സ്വർണ്ണ കട്ടികൾ ലഭിച്ചു. സ്വർണ്ണം കടത്തിയവരെ കുറിച്ച് വിവരം ലഭിച്ചില്ല. പരിശോധന കൂടിയതോടെ കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് മറ്റു മാർഗ്ഗങ്ങളിൽ കൂടി ഉള്ള സ്വർണ്ണ കടത്താണ് സ്വർണ്ണ കടത്ത് സംഘങ്ങൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ വിമാനത്തിനുള്ളിൽ തന്നെ ഒളിപ്പിച്ച് കസ്റ്റംസിൻ്റെ പരിശോധന വെട്ടിച്ച് സ്വർണ്ണം കടത്തുന്ന സംഘങ്ങളെ കസ്റ്റംസ് നിരീക്ഷിച്ച് വരികയായിരുന്നു. കൂടാതെ കസ്റ്റംസ് പിടിക്കും എന്ന് ഉറപ്പുള്ളപ്പോൾ സ്വർണ്ണം വിമാനത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള കള്ളക്കടത്ത് സംഘങ്ങളെ പിടികൂടുന്നതിനായി എയർപോർട്ടിൽ ഉള്ള മറ്റ് ഏജൻസികളെയും എയർലൈൻസ് ജീവനക്കാരെയും ഉൾക്കൊള്ളിച്ചുള്ള പദ്ധതികൾക്ക് രൂപം നൽകിയതായി കസ്റ്റംസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here