9.7 കോടിയുടെ മൊതല്, ഒന്നും രണ്ടുമല്ല 1500 ഐഫോൺ, പൊലീസെത്തി കണ്ടത് കാലി ട്രക്ക്, ഉഴപ്പാതെ അന്വേഷിക്കാൻ കോടതി

0
182

കൊൽക്കത്ത: ട്രക്കിൽ നിന്ന് ഐഫോൺ മോഷണം പോയ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. കഴിഞ്ഞ വ‍ര്‍ഷം 9.7 കോടിയോളം വില വരുന്ന 1500 ഐഫോണുകൾ മോഷണം പോയ സംഭവത്തിലാണ് കോടതി നടപടി. കഴിഞ്ഞ വർഷം സെപ്തംബ‌റിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിൽ നിന്ന് മോഷ്ടാക്കൾ ഐഫോണുകൾ കവർന്നു എന്നാണ് പൊലീസ് സംശയം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുമ്പൊന്നും കിട്ടതായതോടെ ട്രാൻസ്പോർട്ട് കമ്പനി ഉടമ അന്വേഷണം മന്ദഗതിയിലാണെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സംഭവം നടന്ന് മാസങ്ങളായിട്ടും ജില്ലാ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി കേസ് സിഐഡിക്ക് കൈമാറണമെന്ന് ട്രാൻസ്പോർട്ട് കമ്പനി ഉടമ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഹ‍ര്‍ജിക്കാന്റെ വാദം പൂ‌‌ർണമായും തെറ്റാണെന്ന് ജില്ലാ പൊലീസ് കോടതിയിൽ വാദിച്ചു. ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ ഐഫോണുകൾ വെസ്റ്റ് മേദിനിപൂരിലെ ദേബ്രയിൽ എത്തിയപ്പോൾ കാണാതാവുകയായിരുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ പരാതി.

ട്രാൻസ്പോർട്ട് കമ്പനി ട്രക്കുകൾ നിരീക്ഷിക്കാൻ ഒരു ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. അന്നേ ദിവസം രാവിലെ 6 മണിയോടെ ദേബ്രയുടെ പുതിയ മാർക്കറ്റ് ഏരിയയിലെ പെട്രോൾ പമ്പിൽ ട്രക്ക് 30 മിനിറ്റിലധികം നിര്‍ത്തിയിട്ടിരുന്നു. ഇത് ജിപിഎസ് വഴി കമ്പനി മനസിലാക്കി. ട്രക്ക് ഡ്രൈവറെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിഫലമായതോടെ ദേബ്ര പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ശൂന്യമായി കിടക്കുന്ന ട്രക്കാണ് പൊലീസ് കണ്ടത്. കഴിഞ്ഞ വർഷം സെപ്തംബ‌ർ 28ന് കൊൽക്കത്തയിലെ വെസ്റ്റ് മേദിനിപൂർ ജില്ലയിലായിരുന്നു സംഭവം.

ട്രക്ക് ഓടിക്കൊണ്ടിരിക്കെ ഐഫോണുകൾ മോഷ്ടിക്കപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. ആളൊഴിഞ്ഞ ട്രക്ക് വീണ്ടെടുത്ത ശേഷം ട്രക്ക് ഡ്രൈവറെ കാണാനില്ലെന്നും എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ പൊലീസ് കാലതാമസം വരുത്തിയെന്നും കമ്പനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തര പരാതിക്കൊടുവിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ലെന്നും കമ്പനി ഹര്‍ജിയിൽ ഓരോപിച്ചു. എന്നാൽ, കമ്പനിയുടെ ആരോപണങ്ങൾ പശ്ചിമ ബംഗാൾ പൊലീസ് നിഷേധിച്ചു. മോഷ്ടിച്ച ഐഫോണുകളിൽ ചിലത് ദില്ലിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കുമെന്ന് പൊലീസ് ഉറപ്പുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here