സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറച്ചാല്‍ മാനസികാരോഗ്യവും സമാധാനവും വര്‍ധിക്കും; പഠന റിപ്പോര്‍ട്ട്

0
229

സമൂഹ മാധ്യമങ്ങളില്‍ സമയം ചെലവിട്ടാണ് നമ്മളില്‍ ഭൂരിഭാഗവും ഒഴിവ് സമയം തള്ളിനീക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ ഒന്ന് റിലാക്‌സ് ആവാനും, ബോറടി മാറ്റാനുമൊക്കെയായി ദിവസത്തിന്റെ വലിയൊരു ഭാഗവും സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവിടാന്‍ മടിയില്ലാത്ത വലിയൊരു ഭാഗം ആളുകളെ നമുക്ക് ചുറ്റിലും കാണാന്‍ സാധിക്കും. എന്നാല്‍ ദിവസത്തില്‍ മുപ്പത് മിനിറ്റെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് മാനസികാരോഗ്യവും സമാധാനവും തൊഴില്‍ സംതൃപ്തിയും വര്‍ദ്ധിപ്പിക്കുമെന്ന പഠന ഫലങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ബോഹം റുഹര്‍ സര്‍വകലാശാലയിലെയും ജെര്‍മന്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിലെയും ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ജോലിക്കായി വിനിയോഗിക്കാന്‍ കൂടുതല്‍ സമയം നല്‍കുമെന്നും ജോലിയില്‍ നന്നായി ശ്രദ്ധിക്കാന്‍ സഹായിക്കുമെന്നും ബിഹേവിയര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.166 പേരില്‍ നടത്തിയ പഠനത്തിന് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കല്ലാതെ കുറഞ്ഞത് 35 മിനിട്ടെങ്കിലും ഒരു ദിവസം സമൂഹമാധ്യമം ഉപയോഗിക്കുന്നവരെയാണ് ഗവേഷകര്‍ തെരെഞ്ഞെടുത്തത്.

ഇവരെ രണ്ട് സംഘങ്ങളായി തിരിച്ചു. ഒരു സംഘം ഇവരുടെ സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല. മറ്റേ സംഘമാവട്ടെ ദിവസം 30 മിനിട്ട് വച്ച് ഏഴ് ദിവസത്തേക്ക് അവരുടെ സമൂഹമാധ്യമ ഉപയോഗം കുറച്ചു. പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെ പഠനത്തിന് മുന്‍പും ശേഷവും ശേഖരിച്ചു. അവരുടെ ജോലിഭാരം, തൊഴിലിലെ സംതൃപ്തി, ആത്മസമര്‍പ്പണം, മാനസികാരോഗ്യം, സമ്മര്‍ദ്ദ തോത്, ഫോമോ, സമൂഹമാധ്യമ ഉപയോഗത്തിലെ ആസക്തി എന്നിവയെ സംബന്ധിക്കുന്നതായിരുന്നു ചോദ്യങ്ങള്‍. വെറും ഏഴ് ദിവസം നീണ്ട പഠനമായിരുന്നിട്ടു കൂടി ഗണ്യമായ മാറ്റങ്ങള്‍ തൊഴില്‍ സംതൃപ്തിയിലും മാനസികാരോഗ്യത്തിലും സാമൂഹിക മാധ്യമ ഉപയോഗം കുറച്ച സംഘത്തില്‍ കണ്ടെത്താനായെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജൂലിയ ബ്രെയ്‌ലോവ്‌സ്‌കിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here