സാധ്യം! നിർണായക നീക്കത്തിലോ മമത? ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ഇടത്-കോൺഗ്രസ് സഖ്യം ഉറപ്പെന്ന് ബംഗാൾ മുഖ്യമന്ത്രി

0
234

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഇടതുപക്ഷവും കോൺഗ്രസും ചേർന്നുള്ള സഖ്യം സാധ്യമാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വരുന്ന തെരഞ്ഞെടുപ്പിൽ ഈ സഖ്യം ബംഗാളിൽ ഉറപ്പായും സാധ്യമാകുമെന്നാണ് മമത പറഞ്ഞത്. ‘ഇന്ത്യ’ സഖ്യത്തിന്‍റെ ഭാഗമായാകും തൃണമൂൽ കോൺഗ്രസ്-ഇടത്-കോൺഗ്രസ് സഖ്യം സാധ്യമാകുകയെന്നും അവർ കൂട്ടിച്ചേർത്തു. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നേ സഖ്യം ഉറപ്പായും യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയും ബംഗാൾ മുഖ്യമന്ത്രി പങ്കുവച്ചു. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നും അവർ വിവരിച്ചു.

സീറ്റ് ധാരണയിൽ തീരുമാനമെടുക്കുന്നതിന് ‘ഇന്ത്യ’ സഖ്യം വൈകരുതെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ഇന്ത്യാ സഖ്യത്തിന് 2024 ൽ അധികാരത്തിലേറാനാകുമെന്നും പ്രധാനമന്ത്രി ആരാകണം എന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ തൃണമൂലിന്‍റെ ചിരവൈരികളായി കണക്കാക്കപ്പെടുന്ന സി പി എമ്മുമായുള്ള സഖ്യം സാധ്യമാകുമോയെന്നത് കണ്ടറിയണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മമതയുടെ അഭിപ്രായത്തോട് സി പി എം ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

അതേസമയം ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് എം പി സ്ഥാനത്ത് നിന്നും പുറത്താക്കിയ മഹുവ മൊയ്ത്രക്ക് തന്‍റെ പൂർണ പിന്തുണ ഉണ്ടെന്നും മമത ബാനർജി വ്യക്തമാക്കി. തെളിവില്ലാത്ത ആരോപണത്തിന്‍റെ പേരിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ടതെന്ന് പറഞ്ഞ മമത, മഹുവയുടെ നിയമപോരാട്ടത്തിന് തൃണമൂൽ കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്നും വിവരിച്ചു.

ഇന്ന് പാർലമെന്‍റിൽ നിന്നും 78 എം പിമാരെ കൂട്ട സസ്പെൻഡ് ചെയ്ത സംഭവത്തിലും ബംഗാൾ മുഖ്യമന്ത്രി പ്രതികരിച്ചു. ജനാധിപത്യത്തോടുള്ള അവഹേളനമാണ് 78 എം പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതിലൂടെ കേന്ദ്ര സർക്കാർ കാട്ടിയതെന്നായിരുന്നു മമതാ ബാനർജിയുടെ വിമർശനം. കൂട്ട സസ്പെന്‍ഷൻ നടത്തി ബി ജെ പിയും അമിത് ഷായും പാർലമെന്‍റ് സുരക്ഷിത കേന്ദ്രമാക്കിയെന്ന പരിഹാസം നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്നു. അമിത് ഷായുടേത് വിയോജിപ്പുകളെ നിശബ്ദമാക്കുന്ന മാസ്റ്റർ സ്ട്രോക്കാണെന്നും, ഇനി അലോസരമില്ലാതെ അമിത് ഷായ്ക്ക് പ്രസ്താവന നടത്താമെന്നും ടി എം സി പരിഹസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here