മംഗളൂരു: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച കേസിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ഷിർവയിലെ ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂർ സ്വദേശി മുഹമ്മദ് അസീസ് എന്നിവരെയാണ് ഉഡുപ്പി കൗപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കുമ്പളയിലെ രഹസ്യകേന്ദ്രത്തിൽനിന്നാണ് പ്രതികളെ പോലീസ് പിടിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചു. ഉഡുപ്പി കൗപ്പിലെ ലീലാധർ ഷെട്ടിയുടെ ദത്തുപുത്രിയെയാണ് ആൺസുഹൃത്ത് അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്.
ഡിസംബർ 16-നായിരുന്നു പെൺകുട്ടിയെ കാണാതായത്. തിരോധാനത്തിൽ മനംനൊന്ത് ലീലാധർ ഷെട്ടിയും ഭാര്യയും അന്നുരാത്രി വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. കുട്ടികളില്ലാത്തതിനെ തുടർന്ന് 16 വർഷം മുമ്പാണ് ഇവർ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്.
പെൺകുട്ടിയെ ലീലാധർ ഷെട്ടിയുടെ വീട്ടിൽനിന്ന് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിക്കൊണ്ടുപോയതാണെന്ന് കൗപ്പ് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുമ്പളയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്. ഉടൻതന്നെ കർണാടകയിൽനിന്നുള്ള പോലീസ് സംഘം കുമ്പളയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികൾക്കെതിരെ പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉഡുപ്പി എസ്.പി ഡോ. കെ. അരുൺ, എ.എസ്.പി. സിദ്ധലിംഗപ്പ, കാർക്കള ഡിവൈ.എസ്.പി. അരവിന്ദ കല്ലഗുജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.