ക്യാമറാമാന്‍റെ ശ്രദ്ധ കളിയിലല്ല, ഗ്യാലറിയിൽ; കമിതാക്കളുടെ ഇന്‍റിമേറ്റ് നിമിഷം സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ!

0
261

മെല്‍ബണ്‍: ഓസ്ട്രേലിയ-പാകിസ്ഥാന്‍ ബോക്സിംഗ് ഡേ ടെസ്റ്റിനിടെ ഗ്യാലറിയിൽ കമിതാക്കള്‍ പ്രണായതുരരാവുന്നത് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ തത്സമയം കാണിച്ച് ഞെട്ടിച്ച് ക്യാമറാമാന്‍. ഒരു ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഒഴിഞ്ഞ മൂലയില്‍ ആരും ശ്രദ്ധിക്കാതെ ഒരുമിച്ചിരിക്കുകയായിരുന്നു കമിതാക്കള്‍.

കാമുകി കാമുകന്‍റെ മടിയില്‍ തലവെച്ചു കിടക്കുമ്പോഴാണ് ക്യാമറാമാന്‍ ഇരുവരെയും സൂം ചെയ്ത് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ ലൈവായി കാണിച്ചത്. ബിഗ് സ്ക്രീനില്‍ ഇരുവരെയും കണ്ട സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ കരഘോഷത്തേടെ ആര്‍പ്പുവിളിച്ചു. പാകിസ്ഥാന്‍-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റിന്‍റെ മൂന്നാം ദിനമായിരുന്നു ഗ്യാലറിയില്‍ രസകരമായ സംഭവം അരങ്ങേറിയത്.

ബിഗ് സ്ക്രീനില്‍ തങ്ങളിരുവരെയും കാണിച്ചത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കാമുകി ചാടിയെഴുന്നേറ്റ് മുഖം മറച്ച് നടന്നു നീങ്ങി. കാമുകനാകട്ടെ കൈയിലിരുന്ന ടവല്‍ കൊണ്ട് മുഖം മറച്ച് നാണത്തോടെ തലകുനിച്ചിരുന്നു. ബോക്സിംഗ് ഡേ ടെസ്റ്റായിരുന്നിട്ടും അവധിക്കാലമായിട്ടും ഓസ്ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റ് മത്സരം കാണാന്‍ കുറച്ചു കാണികള്‍ മാത്രമാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഇതാണ് ഇരുവരും പെട്ടെന്ന് ശ്രദ്ധയില്‍ പെടാന്‍ കാരണമായത്.

ബോക്സിംഗ് ഡേ ടെസ്റ്റില്‍ 79 റണ്‍സിന് ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 307 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 219-5 എന്ന നിലയില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും വിവാദപരമായ തീരുമാനത്തിലൂടെ മുഹമ്മദ് റിസ്‌വാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. 219-5ല്‍ നിന്ന് 237 റണ്‍സിന് ഓള്‍ ഔട്ടായി. റിസ്‌വാന്‍റെ കൈയിലെ ആം ബാന്‍ഡില്‍ തട്ടിയശേഷം എടുത്ത ക്യാച്ചാണ് അമ്പയര്‍ ഡിആര്‍എസില്‍ ഔട്ട് വിളിച്ചത്. റിസ്‌വാന്‍ ഔട്ടായതിന് പിന്നാലെ പാക് വാലറ്റത്തെ പാറ്റ് കമിന്‍സ് ചുരുട്ടിക്കെട്ടിയാണ് ഓസീസിന് വിജയം സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here