ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്. കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. എക്‌സിറ്റ്‌പോളുകൾ സാമ്പിൾ സർവേ ഫലങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തം വികാരം എക്‌സിറ്റ്‌പോളിൽ പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. മിസോറാമിൽ തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം. രാജസ്ഥാനിൽ കോൺഗ്രസിന് ഭരണം നഷ്ടമാവുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പറയുന്നത്. മധ്യപ്രദേശിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്നും തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നും എക്‌സിറ്റ്‌പോളുകൾ പ്രവചിക്കുന്നു. ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം സർവേ ഫലങ്ങളും പറയുന്നത്.