വീട്ടുടമ വാങ്ങിയ ലോട്ടറി ടിക്കറ്റ് ജോലിക്കാരിക്ക് സമ്മാനിച്ചു; അടിച്ചത് 83 കോടി, പിന്നാലെ വന്‍ ട്വിസ്റ്റ് !

0
346

ഫ്ലോറിഡയിലെ എഡ്വേർഡ് സെവാർഡ് എന്ന വീട്ടുടമസ്ഥന്‍റെ വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുകയായിരുന്നു ടോണ്ട ഡിക്കേഴ്സൺ. ജീവിതത്തിന്‍റെ രണ്ട് അറ്റങ്ങള്‍ കൂട്ടിമുട്ടിച്ച് ഓരോ മാസവും മുന്നോട്ട് നീക്കാന്‍ ടോണ്ട ഏറെ പാടുപെട്ടു. ടോണ്ടയുടെ ജീവിത സാഹചര്യങ്ങള്‍ അറിയാമായിരുന്ന എഡ്വേര്‍ഡ്, ഒരിക്കല്‍ താനെടുത്ത 10 മില്യൺ ഡോളറിന്‍റെ (83 കോടിയിലധികം രൂപ) ലോട്ടറി ടിക്കറ്റ് ടോണ്ടയ്ക്ക് സമ്മാനിച്ചു. ലോട്ടറി ടിക്കറ്റിന്‍റെ ഫലപ്രഖ്യാപനം വന്നപ്പോള്‍ ഒന്നാം സമ്മാനം എഡ്വേര്‍ഡ്, ടോണ്ടയ്ക്ക് സമ്മാനിച്ച ലോട്ടറി ടിക്കറ്റിനായിരുന്നു. ജീവിതത്തിലെ അതുവരെയുള്ള കഷ്ടപ്പാടുകള്‍ക്ക് അറുതിയായെന്നും ഇനി സമാധാനത്തോടെ ജീവിക്കാനെന്നും കരുതിയ ടോണ്ടയ്ക്ക് പക്ഷേ തെറ്റ് പറ്റി. ലോട്ടറി അടിക്കുന്നത് വരെ ടോണ്ടയ്ക്ക് പണം ഇല്ലായിരുന്നെങ്കിലും സമാധാനം ഉണ്ടായിരുന്നു. പക്ഷേ ലോട്ടറി അടിച്ചതിന് പിന്നാലെ ടോണ്ട കോടീശ്വരിയായി. പക്ഷേ സമാധാനം ഏഴ് അലയത്ത് പോലും ഇല്ലാത്ത അവസ്ഥ.

ടോണ്ടയുടെ കഥ ഇടയ്ക്കിടയ്ക്ക് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ അക്കൌണ്ടുകളിലൂടെ പങ്കുവച്ചു. അപ്പോഴെല്ലാം ആളുകള്‍ തങ്ങളുടെ അനുഭവ പരിസരങ്ങളില്‍ നിന്ന് ടോണ്ടയുടെ ജീവിതാനുഭവങ്ങളെ കാണാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം Fascinating എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും ടോണ്ടയുടെ അനുഭവം പങ്കുവയ്ക്കപ്പെട്ടപ്പോഴും അത് കണ്ടത് മൂന്ന് കോടി എഴുപത്തിയൊമ്പത് ലക്ഷം പേരാണ്. നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി എത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, ‘ഇനി എനിക്കെങ്ങാനും ഒരു ലോട്ടറി അടിച്ചാല്‍ അത് സംബന്ധിച്ച് ഞാന്‍ ഒരു വാക്ക് പോലും ആരോടും മിണ്ടില്ല’ എന്നായിരുന്നു. മറ്റൊരാള്‍ എഴുതിയത്,’ആദ്യം ഒരു വക്കീലിനെ കണ്ട് അയാളുടെ ഉപദേശപ്രകാരം കാര്യങ്ങള്‍ മുന്നോട്ട് നീക്കുക.’ എന്നായിരുന്നു.

1999 ല്‍ ടോണ്ടയുടെ ജീവിതം തന്നെ കീഴ്മേല്‍ മറിച്ച ആ ലോട്ടറിയുടെ കഥ ഇങ്ങനെ. വീട്ടുടമസ്ഥന്‍ ലോട്ടറി ടിക്കറ്റ് ടോണ്ടയ്ക്ക് സമ്മാനിച്ചതിന് പിന്നാലെ 83 കോടിയിലധികം രൂപയുടെ ഒന്നാം സമ്മാനം നേടുന്നു. പിന്നാലെ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ പങ്കിനായി കോടതിയെ സമീപിക്കുന്നു. അതിന് പിന്നാലെ വീട്ടുടമസ്ഥനും ടോണ്ടയ്ക്കെതിരെ പണത്തിനായി കേസ് ഫയല്‍ ചെയ്തു. ഇതിനിടെ പണത്തിന് വേണ്ടി എത്തിയ മുന്‍ ഭര്‍ത്താവ് ടോണ്ടയെ തട്ടിക്കൊണ്ട് പോയി. തുടര്‍ന്നുണ്ടായ വാഗ്വാദത്തില്‍ അയാള്‍ ടോണ്ടയുടെ നെഞ്ചില്‍ വെടിവച്ചെങ്കിലും ടോണ്ട രക്ഷപ്പെട്ടു. പിന്നാലെ നീണ്ട കോടതി വ്യവഹാരങ്ങള്‍. ഒടുവില്‍ പണം വിഭജിക്കുന്നത് സംബന്ധിച്ച് ടോണ്ടയ്ക്ക് മറ്റ് കരാറുകളില്ലെന്ന് വ്യക്തമായ കോടതി ടോണ്ടയ്ക്ക് അനുകൂലമായി വിധിച്ചു. പക്ഷേ തീര്‍ന്നില്ല. പിന്നാലെ നികുതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെത്തി. ഇതിനകം പണം ക്രയവിക്രിയം നടത്തിയതിന്‍റെ ഫലമായി ഫെഡറല്‍ നികുതികളെല്ലാം ചേര്‍ത്ത് 7,71,570 ഡോളറിന്‍റെ (ഏതാണ്ട് ആറേമുക്കാല്‍ കോടി രൂപ) ബില്ല് ടോണ്ടയെ തേടിയെത്തി. അങ്ങനെ സമ്മാനമായി കിട്ടിയ ലോട്ടറി ടിക്കറ്റിന് പിന്നാലെ കുടുംബവുമായും സഹപ്രവര്‍ത്തകരുമായും വീട്ടുടമസ്ഥനുമായുമെല്ലാം വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം നടത്തേണ്ടിവന്നു ടോണ്ടയ്ക്ക്. കേസുകളില്‍ വിധി അനുകൂലമായിരുന്നു എന്നത് മാത്രമാണ് ടോണ്ടയ്ക്കുണ്ടായിരുന്ന ഏക സമാധാനം. സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ സൂചിപ്പിച്ച പോലെ ഇനിയെങ്ങാനും ലോട്ടറി അടിച്ചാല്‍ ആരോടും കമാന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.

LEAVE A REPLY

Please enter your comment!
Please enter your name here