VVPAT സ്ലിപ്‌ വോട്ടര്‍ക്ക് നല്‍കണം, 100 ശതമാനവും എണ്ണണം; തിരഞ്ഞെടുപ്പ് കമ്മിഷനോട് ‘ഇന്ത്യ’ സഖ്യം

0
170

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനുള്ള സാധ്യത കുറയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമുന്നില്‍ വെക്കാനുള്ള നിര്‍ദേശത്തിന്മേല്‍ ‘ഇന്ത്യ’ സഖ്യകക്ഷികള്‍ക്കിടയില്‍ സമവായം. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ രൂപീകരിച്ച നിര്‍ദേശം പ്രമേയമായി അവതരിപ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് ഉടനെ കൈമാറും.

വോട്ട് രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന വിവിപാറ്റ് സ്ലിപ് പെട്ടിയില്‍തന്നെ വീഴുന്നതിന് പകരം, അത് വോട്ടര്‍ക്ക് കൈമാറിയശേഷം പ്രത്യേകം സ്ഥാപിച്ച ബാലറ്റുപെട്ടിയിലേക്ക് വോട്ടര്‍ തന്നെ നിക്ഷേപിക്കുന്ന തരത്തില്‍ മാറ്റംകൊണ്ടുവരണമെന്നാണ് ഇന്ത്യ കക്ഷികളുടെ ആവശ്യം. ഇത് താന്‍ രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിക്ക് തന്നെയാണ് വോട്ടുലഭിച്ചതെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വാദം. ഇത്തരത്തില്‍ വോട്ടര്‍ പെട്ടിയില്‍ നിക്ഷേപിച്ച സ്ലിപ്പുകള്‍ പൂര്‍ണ്ണമായും എണ്ണണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ആധികാരികതയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ ഇന്ത്യ സഖ്യകക്ഷികള്‍ നിലവില്‍തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇതൊന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച്‌ പല സംശയങ്ങളുമുണ്ടെന്നും ഇത് പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ നിര്‍ദേശം നടപ്പാക്കുക വഴി സത്യവും നിര്‍ഭയവുമായ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കപ്പെടുമെന്നും വ്യക്തമാക്കുന്നു.

2013-ല്‍ വിപിപാറ്റ് രാജ്യത്ത് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയെങ്കിലും 2019-ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് വോട്ടിങ് മെഷീനൊപ്പം പൂര്‍ണ്ണമായും വിവിപാറ്റുകളും സ്ഥാപിച്ച് തുടങ്ങിയത്. വോട്ട് രേഖപ്പെടുത്തിയാല്‍ വോട്ടര്‍ക്ക് താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വിവിപാറ്റ് സ്ലിപ്പില്‍ തെളിയുന്നത് കാണാം. ഏഴു സെക്കന്‍ഡ് വരെ ഇത് കാണാന്‍ സാധിക്കുകയും പിന്നീട് അതിനൊപ്പമുള്ള പെട്ടിയിലേക്ക് വീഴുകയുമാണ് ചെയ്യുന്നത്.

നിലവില്‍ ഓരോ മണ്ഡലത്തിലും തിരഞ്ഞെടുത്ത അഞ്ച് പോളിങ് സ്‌റ്റേഷനുകളില്‍നിന്നുള്ള വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്. നേരത്തെ, 100 ശതമാനം സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യമുന്നയിച്ച് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, എല്ലാ തിരഞ്ഞെടുപ്പിലും നൂറുശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണിയാല്‍ പേപ്പര്‍ ബാലറ്റിന്റെ കാലത്തേക്കുള്ള തിരിച്ചുപോക്കായിരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here