ഇത് ഔട്ടോ നോട്ട് ഔട്ടോ ? മിഡില്‍ സ്റ്റമ്പ് തെറിച്ചിട്ടും ക്രിക്കറ്റ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കി ഒരു ചിത്രം

0
200

മെല്‍ബണ്‍: കടുത്ത കളിയാരാധകര്‍ക്ക് പോലും ഇന്നും ക്രിക്കറ്റിലെ പല നിയമങ്ങളും അപരിചിതമാണ്. അത്രയേറെ സങ്കീര്‍ണമാണ് പല നിയമങ്ങളുമെന്നതാണ് അതിന് കാരണം. ബൗളര്‍ എറിയുന്ന പന്ത് സ്റ്റമ്പ് തെറിപ്പിച്ചാല്‍ അത് ഔട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ചിത്രത്തില്‍ കാണുന്നതുപോലെയാണ് കുറ്റി തെറിക്കുന്നതെങ്കില്‍ അത് ഔട്ടോ നോട്ടൗട്ടോ എന്ന് ചോദിച്ചാല്‍ ഏതൊരു ക്രിക്കറ്റ് വിദഗ്ദ്ധനും ഒന്നു പതറിപ്പോകും.

പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണോ അല്ലയോ എന്നതാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തിയ വാദം. സമൂഹമാദ്ധ്യമങ്ങളില്‍ കാണുന്നതെല്ലാം സത്യമല്ലെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥമാണെന്നതാണ് വസ്തുത. ഓസ്‌ട്രേലിയയിലെ സൗത്ത് യാരയില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിലാണ് വിചിത്രമായ കാര്യങ്ങള്‍ സംഭവിച്ചത്. ചിത്രത്തില്‍ കാണുന്നത് പോലെയാണെങ്കില്‍ അത് ഔട്ടാണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്. രണ്ട് പക്ഷവും പറയുന്നതില്‍ ശരികളുമുണ്ട്.

മൂന്ന് സ്റ്റമ്പുകളാണ് ക്രിക്കറ്റില്‍ ഓരോ എന്‍ഡിലും ഉണ്ടാകുക. ഇതിന് മുകളിലായി രണ്ട് ബെയില്‍സും ഘടിപ്പിക്കും. ബാറ്റര്‍ ക്ലീന്‍ ബൗള്‍ഡ് ആകണമെങ്കില്‍ ബെയ്‌ലുകളില്‍ ഒന്നെങ്കിലും നിലത്ത് വീഴണം. ഒരു സ്റ്റമ്പ് മാത്രം പന്ത് കൊണ്ട് നിലത്ത് വീണാലും അത് ഔട്ട് ആണ് എന്നാണ് എംസിസി പറയുന്ന നിയമം. പക്ഷേ ചിത്രത്തില്‍ കാണുന്നത് പോലെ സംഭവിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കു. മിഡില്‍ സ്റ്റമ്പില്‍ പന്ത് കൊണ്ടാല്‍ എന്തായാലും ബെയില്‍സ് നിലംപതിക്കും.

സാധാരണഗതിയില്‍ ഓഫ് സ്റ്റമ്പിലോ ലെഗ് സ്റ്റമ്പിലോ പന്ത് കൊണ്ടാല്‍ ഒരു ബെയില്‍ മാത്രം നിലത്ത് വീഴുന്ന അവസ്ഥയുണ്ടാകും എന്നാല്‍ പരസ്പരം ബെയില്‌സിനെ ബന്ധിപ്പിക്കുന്ന മിഡില്‍ സ്റ്റമ്പില്‍ ആണ് പന്ത് കൊള്ളുന്നതെങ്കില്‍ ബെയില്‍ നിലത്ത് വീഴാതിരിക്കുക അസംഭവ്യമാണ്. അതുകൊണ്ട് തന്നെയാണ് ചിത്രം ഒര്‍ജിനലാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നത്.

പന്ത് സ്റ്റമ്പില്‍ കൊണ്ടു എന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമായിട്ടും പക്ഷേ ബെയില്‍സുകളില്‍ ഒന്ന് പോലും നിലത്ത് വീണില്ലെന്ന കാരണം പറഞ്ഞ് മത്സരത്തില്‍ എന്തായാലും ബാറ്ററെ നോട്ടൗട്ട് വിധിക്കുകയായിരുന്നു അമ്പയര്‍.

ചിത്രം അമ്പയറിങ് പരീക്ഷയുടെ ഭാഗമായി സജ്ജീകരിച്ചതാണോയെന്ന സംശയവും നിരവധിപേര്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും ഒരു പ്രാദേശിക മത്സരത്തില്‍ നടന്ന സംഭവമാണെങ്കിലും ഈ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലെ ക്ലീന്‍ ബൗള്‍ഡുമായി ബന്ധപ്പെട്ട നിയമം പരിഷ്‌കരിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട് നിരവധിപേര്‍.

LEAVE A REPLY

Please enter your comment!
Please enter your name here